കയ്യേറ്റം: കാലടി – മലയാറ്റൂര്‍ റോഡിന് വീതി കുറയുന്നു

കാലടി: കയ്യേറ്റം മൂലം കാലടി – മലയാറ്റൂര്‍ റോഡിന് വീതി കുറയുന്നുവെന്ന് പരാതി.മലയാറ്റൂര്‍ പെരുന്നാള്‍ സമയത്ത് വീതി കൂട്ടി ടാറിങ്ങ് നടത്തിയ പൊതുമരാമത്ത് റോഡ് കയ്യേറുന്നത്.റവന്യു- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ആരോപിച്ചു.

കാലടിയേയും അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിനേയും ബന്ധിപ്പിക്കുന്ന കാലടി – മലയാറ്റൂര്‍ റോഡിന്‍റെ പേരിൽ കോടികൽ ചെലവാക്കുമ്പോഴും പുറമ്പോക്കുകള്‍ ഒഴിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഒഴിപ്പിച്ച പുറമ്പോക്ക് സ്ഥലങ്ങളാകട്ടെ വീണ്ടും സ്വകര്യ വ്യക്തികള്‍ കയ്യേറിയസ്ഥിതിയിലാണ്. 2014-2015 ല്‍ ഈ റോഡ് അളന്ന് തിട്ടപ്പെടുത്തി പുറമ്പോക്ക് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ പുറമ്പോക്ക് കയ്യേറിയ പലരും പുറമ്പോക്ക് വിറ്റ്കാശാക്കിയെന്നാണ് ആരോപണം.

റോഡിന് വീതിഇല്ലാത്തതുകൊണ്ട് നൂറുകണക്കിന് റോഡപകടങ്ങളും മരണങ്ങളുംസംഭവിക്കുന്നു. കാലടി പഞ്ചായത്തില്‍ തന്നെ സംസ്കൃത സർവകലാശാലക്ക് സമീപം മലയാറ്റൂര്‍ റോഡില്‍ സ്വകാര്യ വ്യക്തി കയ്യേറിയസ്ഥലം ഒഴിപ്പിക്കുന്നതിന് നടപടികള്‍ തുടങ്ങിയപ്പോള്‍ അയാള്‍ മറ്റൊരാള്‍ക്ക് കൈമാറി. 2015 ല്‍ ഇപ്പോഴത്തെ താമസക്കാരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് നടപടികള്‍ഉണ്ടായിട്ടില്ല.

2014-2015 ല്‍ വീതി കൂട്ടി ടാറിങ്ങ് നടത്തുന്നതിനും കാനകള്‍ പണിയുന്നതിനും 10 കോടിയോളം രൂപ 9 കിലോമീറ്റര്‍ മലയാറ്റൂര്‍-കാലടിറോഡിന്‍റെ പണിക്ക് അനുവദിച്ചു. 5 വര്‍ഷത്തെ മെയ്ന്‍റനന്‍സ് ഉള്‍പ്പെടെയുള്ള വ്യവസ്ഥയിലാണ് റോഡ്പണി നടത്തിയിട്ടുള്ളത് എന്നും എന്നാൽ വീണ്ടും തുക അനുവദിക്കുകയാണെന്നും ജനാധിപത്യ കോൺഗ്രസ് ആരോപിക്കുന്നു.

malayattoor-road-2വീതികൂട്ടാതെ ടാറിങ്ങ് മാത്രം നടത്തി തുക തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ റോഡ് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തിയിരുന്നു. എന്നാല്‍ വീതി കൂട്ടുന്നതിനുള്ള യാതൊരു നടപടിയും പിന്നീടും സ്വീകരിച്ചില്ല. അടിയന്തിരമായി മലയാറ്റൂര്‍ പെരുന്നാള്‍ പ്രമാണിച്ച് ടാറിങ്ങ് നടത്തിയതിനുശേഷം വീതികൂട്ടുകയും കാനകള്‍ നിര്‍മ്മിക്കുകയും ഇലക്ട്രിക് പോസ്റ്റ് മാറ്റുകയും ചെയ്യാമെന്ന് സമര സമിതിക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇത് നടപ്പിലായില്ല.

ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നല്‍കിയപ്പോൾ പണി നടന്നു കൊണ്ടിരിക്കുകയാണെന്ന് കോടതിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്നും ഇവർ ആരോപിക്കുന്നു. 2016 ല്‍ ഒഴിപ്പിച്ച ഭാഗങ്ങള്‍ വീണ്ടും കയ്യേറികൃഷി നടത്തുന്നതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇത്തരത്തിലുള്ള കെടുകാര്യസ്ഥത മൂലം പൊതുജനങ്ങളുടെ ജീവനും ജീവിതവും നശിപ്പിക്കാന്‍ ഇടവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ജനാധിപത്യകേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം കമ്മറ്റി അംഗം റ്റി.ഡി സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്‍റ് നെല്‍സണ്‍ മാടവന, മണി തൊട്ടിപ്പറമ്പില്‍, ഡെന്നിസ് കന്നപ്പിള്ളി, രാജുഎം.പി, സെബാസ്റ്റ്യന്‍ ഇലവംകുടി, വിഷ്ണുവെള്ളിയാംകുളം, ഷാജി കിടങ്ങേന്‍ എന്നിവർ ആവശ്യപ്പെട്ടു.