ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി

 

നെടുമ്പാശേരി: മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് തന്റെ സന്ദർശന ലക്ഷ്യമെന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ. തന്‍റെ രണ്ടാം ശ്ലൈഹിക സന്ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് ബാവ ഇക്കാര്യം പറഞ്ഞത്. ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് ആരാധന നടത്തുന്നതിന് ഇവിടെ എല്ലാവർക്കും അവകാശമുണ്ടെന്നും ബാവ പറഞ്ഞു. രാജ്യത്തെ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകളിൽ ഭാവ ശുഭപ്രതീക്ഷ അറിയിച്ചു.

രാവിലെ ഒൻപതിന് കൊച്ചിയിലെത്തിയ പാത്രിയർക്കീസ് ബാവക്ക് വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിച്ചു. വൈദികരുടെയും വിശ്വാസികളുടെയും വലിയ സംഘം പരിശുദ്ധ ബാവായെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ നിയമസഭ സ്പീക്കർ പി.പി. തങ്കച്ചൻ, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, അൻവർ സാദത്ത്, മുൻ മന്ത്രി ടി.യു. കുരുവിള, തമ്പു ജോർജ് തുകലൻ, ജോർജ് മാത്യു തുടങ്ങിയവർ ബാവയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ബാവ സഭാ നേതാക്കൾക്ക് പുറമെ മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെയും സന്ദർശിക്കാനാണ് എത്തിയത്. ഡെമാസ്കസിൽ നിന്നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്.