പാലിശേരി-എടക്കുന്ന് പ്രദേശത്ത് പനി പടരുന്നു

 

അങ്കമാലി : കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരിക്ക് പുറമെ എടക്കുന്ന് പ്രദേശത്തും ഡെങ്കി പനി പടർന്നു പിടിക്കുന്നതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പാലിശേരി പ്രദേശത്തെ ഇരുപതിൽ അധികം ആളുകൾ എടക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കി പനിക്കു ചികിത്സ തേടി . ചൊവ്വാഴ്ച്ച  മുതൽ എടക്കുന്ന്‌ പ്രദേശത്തുള്ളവരും ചികിത്സക്കായി ആശുപത്രിയിൽ എത്തിത്തുടങ്ങി.

നിലവിൽ പതിനഞ്ചോളം രോഗികൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പാലിശ്ശേരി സെന്‍റ് സെബാസ്റ്റ്യൻ പള്ളിയോട് ചേർന്നുള്ള പ്രദേശത്തെ വീടുകളിലാണ് ഡെങ്കി പനി ആദ്യം കണ്ടെത്തിയത്. വേനൽ മഴ ശക്തമായതുമൂലം പ്രദേശത്ത് പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. റബ്ബർ തോട്ടങ്ങൾ ധാരാളം ഉള്ള പ്രദേശമായതിനാൽ ചിരട്ടകളിൽ കൊതുകുകൾ വളരുകയാണ്.

ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ ധാരാളം ഉള്ളതിനാൽ ഈച്ചയുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ എരുമമൂട്ടയും വീടുകളിലെ വെളിച്ചം കണ്ട് വരുന്നതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വൃത്തി ഹീനമായ സാഹചര്യത്തിൽ ഈ പ്രദേശത്ത് ധാരാളം ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളും ഉണ്ട്.

കഴിഞ്ഞ നവംബറിൽ പാലിശേരിയിൽ അസം സ്വദേശി മലേറിയ വന്നു മരിച്ചിരുന്നു. കേരളത്തിൽ ചിക്കൻ ഗുനിയ പനി പടർന്നു പിടിച്ച കാലത്ത് ഈ പ്രദേശത്തെ ധാരാളം ആളുകൾ അന്ന് പനി ബാധിതരായിരുന്നു .പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ ഇന്നലെ പ്രദേശത്തെ വീടുകളിൽ ബോധവത്കരണ ലഘു ലേഖകൾ വിതരണം ചെയ്തു.

കറുകുറ്റി പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ശക്തമായി പ്രശ്നത്തിൽ ഇടപെടണമെന്നും അടിയന്തിരമായി ഫോഗിങ് നടത്തി കൊതുക് നശീകരണ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു