കുട്ടിശാസ്ത്രഞ്ജൻമാർക്ക് ഉപരാഷ്ട്രപതി പുരസ്‌ക്കാരങ്ങൾ നൽകി

കാലടി:ജാതീയമായ വേർതിരിവിന്റെ പേരിൽ ഇപ്പോഴും ആളുകളെ ആരാധനാലയങ്ങളിൽ നിന്നും വിലക്കുന്നത് അസംബന്ധമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാലടി ആദിശങ്കര എൻജിനീയറിംഗ് കോളജിൽ ആദിശങ്കര യങ് സയൻന്റിസ്റ്റ് അവാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നൂറ്റാണ്ടിലും ജാതീയമായ വേർതിരിവ് നിലനിൽക്കുന്നത് ഖേദകരമാണ്. നമ്മുടെ പാരമ്പര്യത്തെ മറന്നാൽ നമുക്ക് നിലനിൽപ്പില്ല.

നമ്മുടെ ദേശം, നമ്മുടെ സംസ്‌കാരം നമ്മുടെ ഭാഷ എന്നിവയിൽ ഊന്നിനിന്ന് കൊണ്ടായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ. മാതൃ ഭാഷയെ ശക്തിപ്പെടുത്തണം. മാതൃഭാഷയായിരിക്കണം അടിസ്ഥാനം. നമ്മുടെ പൂർവ്വീകരാണ് നമ്മുടെ കരുത്ത്. അവർ തെളിയിച്ച പാതയിലൂടെയായിരിക്കണം നമ്മൾ നടക്കേണ്ടത്.

ശ്രീ ശങ്കരാചാര്യർ വിശ്വമാനവികതയ്ക്ക് വേണ്ടി നിലകൊണ്ടയാളാണ്. ഭാരതം മുഴുവൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിറഞ്ഞ് നിൽക്കുന്നു ആദിശങ്കര എഷ്യാനെറ്റ് ന്യൂസ് യങ് സയൻന്റിസ്റ്റ് അവാർഡ് വളർന്ന് വരുന്ന പ്രതിഭകൾക്ക് നല്ലൊരു അവസരമാണ് തുറന്ന് നൽകുന്നത.് പെൺകുട്ടികൾ ഇത്തരം മേഖലകളിലേക്ക് കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നു. ഇത്തരം മത്‌സരങ്ങളിൽ സർക്കാർ സ്‌ക്കൂളുകളിലെ സാന്നിധ്യം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

young-3വയനാട് കണിയാംപേട്ട ജിഎച്ച്എസ്എസിലെ വിദ്യാർത്ഥികളായ അനന്തദേവ് എസ് പ്രസാദും,എം ധീരജും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോസ്റ്റിക് സോഡ മാലിന്യനിർമാർജ്ജന പ്ലാന്റാണ് ഇവരുടെ പ്രൊജക്റ്റ്. പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിലെ എസ് എം മുഹമ്മദ് അസ്ഹറും, ബ്രയൻ ബി കല്ലോലിയും റോവി റോബോ വെർച്വാലിറ്റി നിർമിച്ച് രണ്ടാം സ്ഥാനവും, തിരുവനന്തപുരം കോട്ടൻ ഹിൽ ജിഎച്ച്എസ്എസിലെ ഇഷാനി ആർ കമ്മത്ത് ഫോർ ദി വുമൺ ബൈ ദി വുമൺ പ്രൊജക്റ്റിലൂടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്ക് ആഗസ്റ്റുമാസം അമേരിക്കയിലെ നാസ, സിലിക്കൺ വാലി സന്ദർശനമാണ് സമ്മാനമായി ലഭിക്കുന്നത്.

അമൽ പ്രകാശ്,ജോസഫ് സി വർഗീസ് (ആലപ്പുഴ സെന്റ്:മേരീസ് ആർ.സി സ്‌ക്കൂൾ, സ്‌പെഷ്യൽ ജൂറി), സാമുവൽ ജോയ്, ഐശ്വര്യ രമേശ് (കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ, മികച്ച ബിസിനസ് പൊട്ട്യൻഷ്യൽ), താമരൈ നായകം (നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയ, മികച്ച പ്രൊജക്റ്റ് ഡിസൈൻ), ജി ഡി അനുകൃഷ്ണൻ (മാന്നാർ നായർ സമാജം ബോയിസ് ഹയർ സെക്കന്ററി സ്‌ക്കൂൾ, മികച്ച പ്രോബ്ലം ഡിസ്‌ക്രിപ്ഷൻ), ശ്രേയസ് ശ്രീകുമാർ, അനന്ത പത്മനാഭൻ എ പിളൈ (നോർത്ത് പറവൂർ എസ്.എൻ.എച്ച്.എസ്.എസ്, മികച്ച സോഷ്യൽ ഇംപാക്റ്റ്),

റിസ്ഹാബ് ജാവ (ഷാർജ ജെംസ് മില്ലേനിയം സ്‌ക്കൂൾ, മികച്ച അവതരണം), ശ്രീലക്മി കിഷോർ (അബുദാബി ഇന്ത്യൻ സ്‌ക്കൂൾ, മികച്ച പോസ്റ്റർ ഡിസൈൻ), എസ് എൻ ചാരുദേവ്, എം ഗോകുൽ(തിരുവനന്തപുരം ലയോള, പീപ്പിൾ ചോയിസ് പോസ്റ്റർ) സോണിമോൾ സ്‌ക്കറിയ (മാർ അത്തനേഷ്യസ് ഇന്റർനാഷ്ണൻ സ്‌ക്കൂൾ കോതമംഗലം, മികച്ച മെന്റർ) മാർ അത്തനേഷ്യസ് ഇന്റർനാഷ്ണൻ സ്‌ക്കൂൾ കോതമംഗലം (മികച്ച സ്‌ക്കൂൾ) എന്നിവരാണ് മറ്റ് പുരസ്‌ക്കാരങ്ങൾ നേടിയവർ.

ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം,സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ, അങ്കമാലി എംഎൽഎ റോജി എം ജോൺ, ശ്രിംഗേരി മഠം അഡ്മിനിസ്‌ട്രേറ്റർ ആന്റ് സിഇഒ പത്മശ്രീ ഡോ:വി അർ ഗൗരിശങ്കർ, മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാൻ വെങ്കട്ട രമണ അക്കാരാജു, എഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ആന്റ് ഗ്രൂപ്പ് സിഎഫ്ഒ ഫ്രാങ്ക് പി തോമസ് തുടങ്ങിയവർ പങ്കെടുത്തു.