നന്ദി വെങ്കയ്യ..നന്ദി.. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൽ ലോട്ടറി അടിച്ചത് കാലടി പോലിസ് സ്റ്റേഷന്‌

കാലടി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ അറ്റകുറ്റപ്പണിയിൽ കാലടിയിൽ വന്നത് വൻ മാറ്റം. കുറഞ്ഞ ദിവസങ്ങൾക്കൊണ്ടാണ് കാലടി മുഖം മിനുക്കിയത്. നന്നാക്കിയ റോഡുകളിൽ പന്ത്രണ്ട് വർഷമായി റീ ടാറിങ്ങ് നടത്താതെ തകർന്ന് കിടന്ന റോഡുകൾ വരെ ഉണ്ട്. റോഡുകളുടെ റീ ടാറിങ്ങ് , ടൈൽ വിരിക്കൽ പണികളൊക്കെ പൂർത്തിയാക്കിയത് ദിവസങ്ങൾക്കുള്ളിൽ.

ഉപരാഷ്ട്രപതിയുടെ കാലടി സന്ദർശനത്തിൽ ലോട്ടറി അടിച്ചത് കാലടി പോലിസ് സ്റ്റേഷനാണ്. ശോചനീയവസ്ഥയിലായിരുന്ന പൊലീസ് സ്റ്റേഷന്‍റെ മുഖഛായ തന്നെ മാറി. സിഐ ഓഫീസും, സ്റ്റേഷനും പൂർണ്ണമായും പെയിന്‍റടിക്കുകയും, ടൈലുകൾ വിരിക്കുകയും ചെയ്തു. പുതിയ ഫർണിച്ചറുകൾ വന്നു. സിഐയുടെ മുറി ശീതീകരിച്ചു.ഉപരാഷ്ട്രപതിക്ക് വിശ്രമിക്കണമെന്നു തോന്നിയാൽ വിശ്രമിക്കാനാണ് സ്റ്റേഷൻ ആധുനിക നിലവാരത്തിലാക്കിയത്.

സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ദുരിതത്തിലായിരുന്നു ഇവിടുത്തെ ജീവനക്കാർ. മുറികളിലെ കോൺക്രീറ്റുകൾ അടർന്നുവീണ നിലയിലായിരുന്നു. ആവശ്യത്തിന് വെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥ. ഒന്നു വിശ്രമിക്കാനോ ,വസ്ത്രങ്ങൾ മാറാനോ സ്റ്റേഷനിൽ സ്ഥലമുണ്ടായിരുന്നില്ല.

നിരവധി തവണ ജീവനക്കാർ ജന പ്രതിനിധികളോടും ഉന്നത ഉദ്യോഗസ്ഥരോടും പരാതികൾ പറഞ്ഞതാണ്. എന്നാൽ അതിനൊന്നിന്നും പരിഹാരം കാണാത്തതാണ് 3 ദിവസം കൊണ്ട് ലക്ഷങ്ങൾ ചെലവാക്കിയാണ് ഇതെല്ലാം ശരിയാക്കിയത്. പുതിയ സൗക്യങ്ങളിൽ ജീവനക്കാരും അതീവ സന്തോഷത്തിലുമാണ്‌.