ഉപരാഷ്ട്രപതിയുടെ സന്ദർശനം:നടപ്പാതകൾക്ക് ശാപമോക്ഷമില്ല

 

കാലടി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി കാലടിയിൽ റോഡുകളുടെയും മറ്റും ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കുമ്പോൾ കാലടിയിലെ നടപ്പാതകൾക്ക് ശാപമോക്ഷമില്ല. മലയാറ്റൂർ റോഡിലെ തകർന്നുകിടക്കുന്ന നടപ്പാതകൾ ശരിയാക്കുവാൻ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മലയാറ്റൂർ റോഡിൽ പലസ്ഥലങ്ങളിലും നടപ്പാതകൾ തകർന്നുകിടക്കുകയാണ്.ഈ വഴിയാണ് ഉപരാഷ്ട്രപതി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്ക് പോകുന്നത്. മാസങ്ങളായി നടപ്പാതയിലെ സ്‌ളാബുകൾ തകർന്നുകിടക്കുകയാണ്.

സമീപത്തെ വ്യാപാരികൾ പെട്ടികളും, ചാക്കുകളും മറ്റും കൊണ്ട് തകർന്ന സ്‌ളാബുകൾ മറച്ചുവച്ചിരിക്കുന്നതുകൊണ്ടാണ് കാൽനടയാത്രക്കാർ വൻ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. സ്‌ളാബുകൾക്കിടയിൽ കാൽ കുടുങ്ങി കാൽ നടയാത്രക്കാർക്ക് അപകടമുണ്ടായിട്ടുണ്ട്.

ദിവസേന നുറുകണക്കിന് യാത്രക്കാരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. സ്‌ളാബുകൾ ഉടൻ മാറ്റി സ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞിട്ട് മാസങ്ങളായി. എന്നാൽ പിന്നീട് യാതൊരു പ്രവർത്തനവും നടന്നിട്ടില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായെങ്കിലും തകർന്ന സ്‌ളാബുകൾ മാറ്റുമെന്ന് യാത്രക്കാരും, വ്യാപാരികളും കരുതി.എന്നാൽ അതും ഉണ്ടായില്ല.