കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ വീഴ്ച

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ വീഴ്ച. അന്താരാഷ്ട്ര യാത്രക്കാരെ പുറത്ത് കടത്താൻ അന്താരാഷ്ട്ര ടെർമിനലിൽ എത്തിക്കുന്നതിനു പകരം ആഭ്യന്തര ടെർമിനലിൽ എത്തിച്ചതിലാണ് സുരക്ഷ വീഴ്ച ഉണ്ടായത്. ബുധനാഴ്ച്ച പുലർച്ചെ7.45 ന് ഇൻഡിഗോ വിമാനത്തിൽ മസ്ക്കറ്റിൽ നിന്ന് കൊച്ചിയിൽ എത്തിയ യാത്രക്കാരിൽ അൻപത് യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ബസ് അന്താരാഷ്ട്ര ടെർമിനലിലേയ്ക്ക് പോകുന്നതിനു പകരം പോയത് ആഭ്യന്തര ടെർമിനലിലേക്ക് .

ടെർമിനൽ മാറി യാത്രക്കാരെ ഇറക്കിയത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ അന്താരാഷ്ട്ര ടെർമിനലിലേയ്ക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട് ഇൻഡിഗോയുടെ രണ്ട് ജീവനക്കാർക്കെതിരെയും ഗ്രൗണ്ട് ഹാന്‍റിലിങ് കരാർ കമ്പനിയുടെ ബസ് ഡ്രൈവർ ഷിയാസിനെതിരെയും നടപടി സ്വീകരിച്ചു.

മയക്കുമരുന്ന് , സ്വർണ്ണ കള്ളക്കടത്തുകൾ സജീവമായിരിക്കുന്ന സാഹചര്യത്തിൽ‌ ഇത്തരം സുരക്ഷ വീഴ്ച ഗൗരവമായിട്ടാണ് കാണുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിമാനത്താവള അധികൃർ ഗ്രൗണ്ട് ഹാന്‍റിലിങ് കരാർ കമ്പനിയിൽ നിന്നും വിശദീകരണം തേടും.