ആദിശങ്കര യങ് സയന്റിസ്റ്റ് അവാർഡ് :ഉപരാഷ്ട്രപതി വിജയികൾക്ക് പുരസ്‌ക്കാരങ്ങൾ നൽകും

 

കാലടി :യുവശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആന്റ് ടെക്‌നോളജി നടത്തിയ ആദി ശങ്കര യങ് സയന്റിസ്റ്റ് അവാർഡ് അന്തിമഘട്ടത്തിലേക്ക്. ഗ്രാന്റ് ഫിനാലെ 20, 21 തീയതികളിൽ നടക്കും. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു വിജയികൾക്ക് പുരസ്‌ക്കാരം നൽകും.

വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി പ്രോൽസാഹിപ്പിക്കുക, സാധാരണക്കാർ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആന്റ് ടെക്‌നോളജി യങ് സയന്റിസ്റ്റ് അവാർഡ് സംഘടിപ്പിച്ചത്. ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കായിരുന്നു മത്സരം.

ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി വിവിധ സ്‌കൂളുകളിലെ 500ൽ അധികം വിദ്യാർത്ഥികൾ അവരുടെ പ്രോജക്റ്റുകൾ അവതരിപ്പിച്ചു. അതിൽ നിന്നും 100 പ്രോജക്റ്റുകളാണ് അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്. മികച്ച 3 പ്രൊജക്റ്റുകളുടെ വിദ്യാർത്ഥികൾക്കും സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർക്കും ആഗസ്റ്റുമാസം അമേരിക്കയിലെ നാസ, സിലിക്കൺ വാലി സന്ദർശനമാണ് സമ്മാനമായി കാത്തിരിക്കുന്നത്.

കൂടാതെ മികച്ച 20 പ്രൊജക്റ്റുകൾക്ക് ആദിശങ്കര ട്രസ്റ്റ് നടത്തുന്ന സ്ഥാപനങ്ങളിൽ സ്‌കോളർഷിപ്പോടെ തുടർ പഠനത്തിനുള്ള അവസരവും ഉണ്ട്. നല്ല ആശയം, നല്ല അവതരണം, നല്ല പോസ്റ്റർ ഡിസൈൻ, സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ആശയം, നല്ല അദ്ധ്യാപകർ, മികച്ച വിദ്യാലയം, എന്നിവയ്ക്കും പുരസ്‌ക്കാരം ലഭിക്കും.

രണ്ടാം തവണയാണ് യങ്ങ് സയ്റ്റിസ്റ്റ് അവാർഡ് നടത്തുന്നത്. ആദ്യഘട്ടത്തിലെ വിജയികൾ നാസ സന്ദശിച്ചിരുന്നു. 21 ന് രവിലെ 10.30 ന് ആദിശങ്കര എൻജിനീയറിംഗ് കോളജ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും.