പാലിശ്ശേരി പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു

അങ്കമാലി : കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരി പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു.പാലിശ്ശേരി സെന്റ്‌:സെബാസ്റ്റ്യൻ ദേവാലയത്തിനോട് ചേർന്നുള്ള പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ഇരുപതിലധികം കുടുംബങ്ങളിലെ ആളുകൾ ഡെങ്കിപ്പനിക്ക് ചികിസ തേടി.

വേനൽ മഴ ശക്തമായതുമൂലം പ്രദേശത്ത് പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. റബ്ബർ തോട്ടങ്ങൾ ധാരാളം ഉള്ള പ്രദേശമായതിനാൽ ചിരട്ടകളിൽ കൊതുകുകൾ വളരുകയാണ്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ ധാരാളം ഉള്ളതിനാൽ ഈച്ചയുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ പ്രാണികളും മറ്റും വീടുകളിലെ വെളിച്ചം കണ്ട് വരുന്നതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വൃത്തി ഹീനമായ സാഹചര്യത്തിൽ ഈ പ്രദേശത്ത് ധാരാളം അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും ഉണ്ട്. കഴിഞ്ഞ നവംബർ മാസത്തിൽ പാലിശേരിയിൽ ആസാം സ്വദേശി മലേറിയ വന്നു മരിച്ചിരുന്നു. കേരളത്തിൽ ചിക്കൻ ഗുനിയ പനി പടർന്നു പിടിച്ച കാലത്ത് ഈ പ്രദേശത്തെ ധാരാളം ആളുകൾ അന്ന് പനി ബാധിതരായിരുന്നു .

കറുകുറ്റി പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ശക്തമായി പ്രശ്നത്തിൽ ഇടപെടണമെന്നും അടിയന്തിരമായി ഫോഗിങ് നടത്തി കൊതുക് നശീകരണ മാർഗങ്ങൾ സ്വീകരിക്കണമെന്നും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു