മീനിന് പകരം മരക്കാരിന്‍െറ വലയില്‍ കുടുങ്ങിയത് നാഗഗരുഡ വിഗ്രഹം

നെടുമ്പാശ്ശേരി: പെരിയാറില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് നാഗഗരുഡ വിഗ്രഹം.പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ചെങ്ങമനാട് പാലപ്രശ്ശേരി ചെരുപറമ്പില്‍ മരക്കാരിനും മകൻ അൻസാറിനുമാണ് വിഗ്രഹം ലഭിച്ചത്.

പെരിയാറില്‍ ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം മീന്‍ പിടിക്കുമ്പോള്‍ ചൊവ്വാഴ്ച്ച
ഉച്ചക്കാണ് വിഗ്രഹം വലയില്‍ കുടുങ്ങിയത്.പുഴയില്‍ നിന്ന് വല ഉയര്‍ത്തിയപ്പോള്‍ ഭാരം അനുഭവപ്പെടുകയും, പൊക്കിയെടുക്കുന്നതിനിടെ വിഗ്രഹം പുഴയില്‍ വീഴുകയും ചെയ്തു.ഉടനെ വഞ്ചിയില്‍ നിന്ന് അന്‍സാര്‍ പുഴയില്‍ ചാടി വിഗ്രഹം മുങ്ങിയെടുക്കുകയായിരുന്നു.

ഒരടി ഉയരവും, ഏകദേശം മൂന്ന് കിലോയോളം തൂക്കവുമുണ്ട്. ഓടിന്‍െറ ലോഹമാണെമന്നാണ് പ്രാഥമിക നിഗമനം. ചിറകുകളും, കൂര്‍ത്ത ചുണ്ടും, മൂക്കും ഗരുഡ രൂപത്തിലുള്ളതാണ്. തലയിലെ കിരീടത്തിലും, അരയിലും, കൈകളിലും നാഗങ്ങള്‍ ചുറ്റിയ നിലയിലുമാണ്. അടിഭാഗത്ത് പിരികളുള്ളതിനാല്‍ വിഗ്രഹം എവിടെ നിന്നോ അഴിച്ചെടുത്തതെന്നാണ് സംശയിക്കുന്നത്.

വിഗ്രഹം ചെങ്ങമനാട് പൊലീസിന് കൈമാറി. വിഗ്രഹം കിട്ടിയപ്പോള്‍ പുലിവാലാകുമെന്ന് കരുതി പുഴയില്‍ തന്നെ നിക്ഷേപിക്കാന്‍ മരക്കാര്‍ ആലോചിച്ചെങ്കിലും മകന്‍െറ നിര്‍ബന്ധപ്രകാരമാണ് ചെങ്ങമനാട് സ്റ്റേഷനിലത്തെിച്ച് പ്രിന്‍സിപ്പല്‍ എസ്.ഐ.എ.കെ.സുധീറിന് വിഗ്രഹം കൈമാറിയത്. ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസം ലീവിലത്തെിയ മരക്കാരിന്‍െറ മൂത്ത മകന്‍ ഇബ്രാഹിംകുട്ടിയും സ്റ്റേഷനിലെത്തുകയുണ്ടായി.

അതേ സമയം പുരാവസ്തു വകുപ്പിന് വിഗ്രഹം കൈമാറുമെന്നും,അതിന് ശേഷം മാത്രമെ വിഗ്രഹം ഏത് ഇനത്തില്‍പ്പെട്ടതാണെന്നും, പഴക്കവും, ലോഹവും മറ്റ് വിവരങ്ങളും വ്യക്തമായി അറിയാനാകൂവെന്നും എസ്.ഐ പറഞ്ഞു.

മൂന്നര വര്‍ഷം മുമ്പ് പുലര്‍ച്ചെ ബാംഗ്ളൂരില്‍ നിന്ന് ട്രെയിനില്‍ മടങ്ങുമ്പോള്‍ വാതിലടഞ്ഞ് പെരിയാറില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട ആലുവ മുപ്പത്തടം സ്വദേശിയായ നിഖിലിന്‍െറ ജീവന് തുണയായതും അന്ന് ആലുവ മണപ്പുറത്തിന് സമീപം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മരക്കാരായിരുന്നു. സംഭവമറിഞ്ഞ അന്നത്തെ ജില്ല റൂറല്‍ എസ്.പി അടക്കമുള്ള പൊലീസ് അധികൃതര്‍ മരക്കാരിന്‍െറ സേവനത്തെ ശ്ളാഘിക്കുകയുണ്ടായി.

വിഗ്രഹം പൊലീസിന് കൈമാറാന്‍ സന്നദ്ധരായ മരക്കാരിനെയും,മക്കളേയും എസ്.ഐ സുധീറും അനുമോദിച്ചു.