അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റിൽ കുഴികൾ : കാത്തിരിക്കുന്നത് വൻ അപകടം

 

അങ്കമാലി: അങ്കമാലി കെഎസ്ആർടിസി സ്റ്റാന്‍റിൽ അപകടക്കുഴികൾ. ഏതു സമയവും അപകടത്തിന് കാരണമാകാവുന്ന നിരവധി വൻകുഴികളാണ് സ്റ്റാന്‍റിൽ ഉള്ളത്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് ബസ് ഡ്രൈവർമാർ കുഴികൾ ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.

രാത്രികാലങ്ങളിൽ എത്തുന്ന അതിവേഗ സർവീസുകളാണ് അപകടത്തിൽ‌പെടാനുള്ള സാധ്യത കൂടുതൽ. അധികാരികൾ കണ്ണുതുറന്നില്ലങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടമാണ്‌

ആറ് വർഷം മുൻപാണ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷൻ കം ഷോപ്പിങ്ങ് കോംപ്ലക്സ് ഇന്നത്തെ നിലയിൽ പുതുക്കിപ്പണിതതിനു ശേഷം പ്രവർത്തനം ആരംഭിച്ചത്. ബസ് സ്റ്റാന്‍റിൽ ബസ് നിർത്തുന്നതിനുള്ള ഗ്രൗണ്ടിൽ വിരിച്ച ടൈൽ ഇളകിയും നിരപ്പിൽ നിന്നും താഴേക്ക് ഇരുന്നുമാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. സ്റ്റാന്‍റ് പുതുക്കിപ്പണിതതിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. അഞ്ഞൂറിലധികം ദീർഘദൂര സർവ്വീസുകളും നിരവധി പ്രാദേശിക സർവ്വീസുകളും ദിവസേന കടന്നുപോകുന്ന ബസ് സ്റ്റേഷനാണിത്.

എംസി റോഡും ദേശീയപാതയും ചേരുന്ന അങ്കമാലിയിൽ ദേശീയപാതയോട് ചേർന്നുള്ള അപൂർവം സ്റ്റാന്‍റുകളിലൊന്നാണിത്. ഗ്രൗണ്ടിന്‍റെ ശോചനീയാവസ്ഥ പരിഹരിച്ച് ടൈൽ വിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. എന്നാൽ മഴ ആരംഭിച്ചതോടെയാണ് ഗ്രൗണ്ടിലെ കുഴികൾ അപകടക്കുഴികളായത്. വേനൽമഴയിൽ ഇതാണ് അവസ്ഥയെങ്കിൽ കാലവർഷം ആരംഭിച്ചാൽ സ്ഥിതി ഗുരുതരമാകും. ഒരാഴ്ച മുൻപാണ് യാത്രക്കാരിയായ അമ്മയും കുഞ്ഞും വെള്ളം നിറഞ്ഞകുഴിയിൽ വീണ് അപകടം സംഭവിച്ചത്.

സ്റ്റാന്‍റിലേക്ക് പ്രേവേശിക്കുന്ന ബസ് ഗ്രൗണ്ടിലൂടെ കറങ്ങിയാണ് യാത്രക്കാരെ കയറ്റാനും ഇറക്കാനും നിർത്തുന്നത്. ബസ് കറങ്ങി എത്തുന്ന വഴിയിലാണ് കുഴികളത്രയും. വളവിൽ ഡ്രൈവറുടെ ഒരു ചെറിയ ശ്രദ്ധക്കുറവ് പോലും ബസ് മറിയാൻ കാരണമാകും.നല്ല മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും .കുഴിയുടെ ആഴം മനസിലാക്കാൻ കഴിയാതെ വരും. രാത്രിയിൽ വെളിച്ചവും കുറവാണ്. വൈദ്യുതികൂടി നിലച്ചാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.

അടിയന്തിരമായി കുഴി നികത്താൻ കെഎസ്ആർടിസി നടപടി എടുക്കണം. അതീവ അപകടകരമായ കുഴി നിരപ്പാക്കുകയോ, ഇളകിയ ടൈൽ അടിയന്തിരമായി മാറ്റുകയോ വേണം. കുഴിയുടെ അപകടവസ്ഥ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടും വിധം അടയാളം വക്കുകയും യാത്രക്കാരെ ഇറക്കുന്നതും എടുക്കുന്നതും സുരക്ഷിതമായ സ്ഥലത്ത് മാത്രം ആക്കുകയും ചെയ്യണം.