അങ്കമാലിയില്‍ കഞ്ചാവ് വില്‍പ്പന ഒരാള്‍ പിടിയില്‍

അങ്കമാലി: റെയില്‍വേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വില്‍ക്കാന്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളി അങ്കമാലി എക്സൈസിന്റ പിടിയിലായി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സര്‍ജെന്‍ ഇസ്ലാം (23) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയിലെ പ്രിവന്‍റീവ് ഓഫിസറായ പി.കെ.ഗോപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സര്‍ജെന്‍ ഇസ്ലാമിന്‍റെ കൈവശത്ത് നിന്നും 400 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കൊല്‍ക്കത്തയിലുള്ള ഖാന്‍ എന്ന് വിളിക്കുന്ന ആളാണ് സര്‍ജെന്‍ ഇസ്ലാംമിന് കഞ്ചാവ് വില്‍ക്കാന്‍ ഏല്‍പ്പിച്ചത്. ഒരു കിലോ കഞ്ചാവ് ഹൈഡ്രോളിക്ക് മെഷീണില്‍ പ്രസ് ചെയ്ത് കേക്ക് രൂപത്തിലാക്കി അതില്‍ കാര്‍ബണ്‍ പേപ്പറിട്ട് പൊതിഞ്ഞ് അതിനുമീതെ സെല്ലോ ടേപ്പ് ഒട്ടിച്ചാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.

കഞ്ചാവിന്‍റെ മണം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ പായ്ക്ക് ചെയ്ത കഞ്ചാവ് അഞ്ച് കിലോ വച്ചാണ് ഖാന്‍ എന്ന് പറയുന്നയാള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന കഞ്ചാവ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത് സര്‍ജെന്‍ ഇസ്ലാംമാണ്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് കഞ്ചാവ് വില്‍ക്കുന്നത്.

ഇയാള്‍ക്ക് മലയാളം കുറച്ച് അറിയാവുന്നതുകൊണ്ട് മലയാളികള്‍ക്കിടയിലും ഇയാള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഒറിസയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ട് വരുന്നത്. ഒരു കിലോ കഞ്ചാവ് 2000 രൂപക്കാണ് അവിടെ നിന്നും കൊണ്ടുവരുന്നത്. കേരളത്തില്‍ കിലോക്ക് 7000 രൂപയ്ക്കാണ് വില്‍ക്കുന്നത്. കേക്ക് രൂപത്തിലുള്ള കഞ്ചാവ് 20 ഗ്രാംമിന്‍റെ ചെറിയ കഷ്ണങ്ങളാക്കി ഒരു കഷ്ണം 500 രൂപ നിരക്കിലാണ് ഇവിടെ വില്‍ക്കുന്നത്. കേക്കിന്‍റെ രൂപത്തിലുള്ളതിനാല്‍ കേക്ക് പീസ് എന്നാണ് കഞ്ചാവിന് കോഡുഭാഷ നല്‍കിയിരിക്കുന്നത്.

കഞ്ചാവ് വിറ്റുകികിട്ടുന്ന രൂപ ഇയാള്‍ ഖാന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ഇടുകയാണ് പതിവ്. സര്‍ജെന്‍ ഇസ്ലാംമിന് വില്‍ക്കുന്നതിന്‍റെ ഷെയര്‍ ലഭിക്കും. സര്‍ജെന്‍ ഇസ്ലാം കേരളത്തില്‍ വന്നിട്ട് പത്ത് വര്‍ഷത്തോളമായി. നാല് വര്‍ഷമായി കഞ്ചാവ് വലിക്കാന്‍ തുടങ്ങിയിട്ട്.

ആലുവയെ അപേക്ഷിച്ച് അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ തിരക്ക് കുറഞ്ഞ സ്ഥലമായതുകൊണ്ട് അങ്കമാലിയിലാണ് കഞ്ചാവുമായി വന്നിറങ്ങാറുള്ളത്. ഇതിനുമുമ്പും അങ്കമാലി റെയില്‍വേ പരിസരത്ത് നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം അങ്കമാലി എക്സൈസിന്റയും എറണാകുളം എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയുടേയും നിരിക്ഷണത്തിലായിരുന്നു.

ആദ്യമായാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. സര്‍ജെന്‍ ഇസ്ലാംമിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍മാരായ പി.കെ.ബിജു, സിവില്‍ എക്സൈസ് ഓഫിര്‍മാരായ എസ്.ബാലു, പി.എന്‍.അജി, കെ.എസ് പ്രശാന്ത്, എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു