ഒറ്റ ഷോട്ടിൽ ഒരു സിനിമ:ചരിത്രം കുറിക്കാൻ ടു ഡെയ്‌സ്‌

 

ഇതൊരു ജീവൻ മരണപോരാട്ടമായിരുന്നു. മലയാളസിനിമയിൽ ഇതുവരെയില്ലാത്ത പരീക്ഷണം.സമുദ്രക്കനി, അനിൽമുരളി, റിയാസ് ഖാൻ, സുനിൽ സുഖദ തുടങ്ങിയ പ്രഗത്ഭരുൾപ്പെടെ അമ്പതോളം ആർട്ടിസ്റ്റുകൾ. … ഇവരെ കൂട്ടിയിണക്കി ഒറ്റഷോട്ടിൽ ഒരു സിനിമ അതും രണ്ടുമണിക്കൂർ. എവിടെയെങ്കിലും പാളിയാൽ എല്ലാം തകരും. സംവിധായകൻ നിസാർ ന്യൂസ്‌വിഷനോട് തന്റെ വെല്ലുവിളി നിറഞ്ഞ പരീക്ഷണ ചിത്രമായ’ടു ഡെയ്‌സി’നെക്കുറിച്ച് മനസ്സു തുറക്കുമ്പോൾ ചിത്രീകരണ സമയത്തനുഭവിച്ച ടെൻഷൻ വിട്ടുമാറിയിട്ടില്ലായിരുന്നു.

today-days-2എട്ടോളം ലൊക്കേഷനിൽ മൂന്ന് പാട്ടുൾപ്പെടെയായിരുന്നു ചിത്രീകരണം. പത്ര പ്രവർത്തകൻ കൂടിയായ പി. പാറപ്പുറത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഒറ്റ ഷോട്ടിൽ ഒരു സിനിമയെന്ന വെല്ലുവിളി സ്വയം ഏറ്റെടുക്കുകയായിരുന്നു. മലയാളി ഇന്നുവരെ ശീലിച്ചിട്ടില്ലാത്ത ഒരു വഴിയിലൂടെ പ്രേക്ഷകനെ കൊണ്ടു പോകണമെന്ന ആഗ്രഹവും ഇതിന്റെ പിന്നിലുണ്ടായിരുന്നു നിസാൻ പറഞ്ഞു

പ്രൊഡ്യൂസർമാരായ ജീവാനന്ദനോടും, സുനീർഖാനോടും കഥ പറഞ്ഞപ്പോൾ അവർ ഓക്കെ പറഞ്ഞു. കഥാപാത്രങ്ങൾക്കു പറ്റിയ ആർട്ടിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. അത് ഒടുവിൽ ചെന്നെത്തിയത് തമിഴ് നടനായ സമുദ്രക്കനിയിലായിരുന്നു. കഥകേട്ടവഴി ഈ വെല്ലുവിളിയുടെ ഭാഗമാകാൻ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. വല്ലാത്തഒരു ആത്മസമർപ്പണമുള്ള കലാകാരനാണ് സമുദ്രക്കനി. ഒറ്റഷോട്ട് എന്നു പറഞ്ഞപ്പോൾ അദ്ദേഹം ത്രില്ലിലായി. കാരണം റീടേക്കുകളോ, ഒന്നുകൂടി നോക്കാം എന്നു പറയാനുള്ള സമയമോ ഇല്ല. ആസ്വദിച്ച് അഭിനയിച്ച് സമുദ്രക്കനി.

today-days-3നാലുപെൺ കുട്ടികൾ അടിച്ചുപൊളിച്ച് ജീവിക്കാൻ മാതാപിതാക്കളറിയാതെ കോവളത്ത് എത്തുന്നതും, പിന്നീട് അവർക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. ജീവിത,ഗൗരി, ഡിഗ്‌ന, ഹരിത എന്നിവരാണ് പെൺകുട്ടികൾ. ടെൻഷനില്ലാതെ അടിച്ച് പൊളിച്ച് അഭിനയിച്ചു പെൺകുട്ടികൾ.

കോവളത്തിനടുത്ത് റിസോർട്ടിലും അതിനോടു ചേർന്ന പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. ഒമ്പതരയോടുകൂടി തുടങ്ങിയ ഷൂട്ടിംഗ് കൃത്യം രണ്ടുമണിക്കൂർ കൊണ്ട് പായ്ക്കപ്പ്.
ഒരു ലുക്ക് പാളിയാൽ, ക്യാമറ പണിമുടക്കിയാൽ, ഫ്രെയ്മിൽ മറ്റാരെങ്കിലും അബദ്ധത്തിൽ കയറിയാൽ എന്തിനുവേറെ ഒരുലൈറ്റ് കത്തിയില്ലെങ്കിൽ എല്ലാം പൊളിഞ്ഞു. അത്ര വെല്ലുവിളിയായിരുന്നു ചിത്രീകരണം.

today-days-4രണ്ടുമണിക്കൂർ നേരം സംവിധായകനുൾപ്പെടെയുള്ള ക്രൂ ക്യാമറയ്ക്ക് പിന്നാലെ ഓടണം. ഒരു സീൻ കഴിയുമ്പോൾ അടുത്ത സീനിലേക്കുള്ളവരെ ഒരുക്കി നിർത്തണം. തീ പിടിയ്ക്കണ നിമിഷങ്ങൾ.. ഓർക്കുമ്പോൾ ചങ്ക് പിടയ്ക്കണ അനുഭവം, നിസാൻ പറഞ്ഞുനിർത്തി.

മൻ രാജ്,ജയശങ്കർ,രമേശ് കുമാർ,പ്രേം ലാൽ,ഗൗരി,അപർണ,അനുപമ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷം ചെയ്യുന്നത്.ക്യാമറ ജയൻ ആർ ഉണ്ണിത്താൻ,ഗാനരചന വയലാർ ശരത് ചന്ദവർമ,അന്ന കത്രീന,സംഗീതം സജിത് ശങ്കർ.മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ ഒറ്റഷോട്ട് സിനിമ മെയ് 18 ന് റിലീസാവുകയാണ്.

ജയറാമും, മാധവിയുംഅഭിനയിച്ച സുദിനമായിരുന്നു നിസാറിന്റെ ആദ്യചിത്രം.ത്രീമെൻ ആർമി, മലയാളമാസംചിങ്ങംഒന്നിന്, ബ്രിട്ടീഷ്മാർക്കറ്റ്, ബുള്ളറ്റ് തുടങ്ങി ഇരുപതിലേറെ ചിത്രങ്ങൾ നിസാൻ സംവിധാനം ചെയ്തിട്ടുണ്ട്.