ചെമ്പിച്ചേരി റോഡിന് ധനകാര്യവകുപ്പിന്റെ അനുമതി ഉടൻ ലഭ്യമാകും: റോജി എം ജോൺ എം.എൽ.എ

.

കാലടി: മറ്റൂർ മുതൽ കൈപ്പട്ടൂർ വരെയുള്ള ചെമ്പിച്ചേരി റോഡിന്റെ പൂർത്തീകരണത്തിന് 3.5 കോടി രൂപ ഉൾപ്പെടെ അങ്കമാലി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 6.3 കോടി രൂപയുടെ പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് തത്വത്തിൽ അംഗീകാരം നൽകിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിസുധാകരൻ അംഗീകരിച്ച ഫയൽ ധനകാര്യവകുപ്പിന്റെ അന്തിമ അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണെന്നും, എത്രയുംവേഗം അത് ലഭ്യമാക്കി പ്രസ്തുത റോഡുകളുടെ ഭരണാനുമതി ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എം.എൽ.എ പറഞ്ഞു.

കാലടിയിലെ ഗുരുതരമായ ഗതാഗത പ്രശ്‌നം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി എം.എൽ.എ ചർച്ച നടത്തുകയും ചെയ്തിരുന്നു.കാലടി സമാന്തരപാലവും, ബൈപ്പാസും പണിയുന്നതോടൊപ്പം ചെമ്പിച്ചേരി റോഡ് അടിയന്തിരമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതെതുടർന്ന് ചെമ്പിച്ചേരിറോഡിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി 3.5 കോടിരൂപയുടെ പുതുക്കിയഎസ്റ്റിമേറ്റ്എം.എൽ.എയുടെ നിർദ്ദേശപ്രകാരം പൊതു മരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സർക്കാരിൽ സമർപ്പിച്ചിരുന്നു.

അങ്കമാലി മണ്ഡലത്തിലെ റീ ടാറിംങ് നടത്തുവാനുള്ള പ്രധാനപ്പെട്ട റോഡുകൾ ഉൾപ്പെടുത്തി 10 കോടി രൂപയുടെ പദ്ധതിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഇതോടൊപ്പം സമർപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രാധാന്യമേറിയ ചേമ്പിച്ചേരി റോഡിന് പ്രത്യേകമായിതുക അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെടുകയും അത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.

ഇതോടൊപ്പം മറ്റൂർ എയർപ്പോർട്ട് റോഡ്, വേങ്ങൂർ-എയർപ്പോർട്ട് റോഡ്, കിടങ്ങൂർ-വേങ്ങൂർ എന്നീ റോഡുകൾക്കാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭ്യമായ സാഹചര്യത്തിൽ ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെ റോഡിന്റെ ഭരണാനുമതി ഉടൻ ലഭ്യമാകുമെന്നും റോജി എം. ജോൺ എം.എൽ.എ പറഞ്ഞു