കാലടി സമാന്തര പാലത്തിന്റെ രൂപരേഖ പൂർത്തിയായി: ഇന്നസെന്റ് എം.പി

.

കാലടി:കാലടി സമാന്തര പാലത്തിന്റെ രൂപരേഖ പൂർത്തിയായതായി ഇന്നസെന്റ് എം.പി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗമാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

പുതിയ പാലത്തിന് 492 മീറ്റർ ആണ് നീളം. 12 മീറ്റർ വീതി. കാര്യേജ് വേ യുടെ വീതി 11 മീറ്ററുമാണ്. 26 മീറ്റർ വീതം നീളമുള്ള 6 സ്പാനുകളും 46 മീറ്റർ വീതം നീളമുള്ള 8 സ്പാനുകളും ഉൾപ്പെടെ ആകെ 14 സ്പാനുകളാണ് പുതിയ പാലത്തിന് ഉണ്ടാവുക. പാലത്തിന്റെ രണ്ട് വശത്തുമായി രണ്ട് ചെറിയ വളവുകൾ കുടിയുണ്ടാവും.

കാലടി ഭാഗത്ത് 1.5 കിലോ മീറ്റർ അപ്രോച്ച് റോഡും പെരുമ്പാവൂർ ഭാഗത്ത് 200 മീറ്റർ അപ്രോച്ച് റോഡുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.പാലത്തിനായുള്ള സ്ഥലം കല്ലിട്ട് അളന്ന് തിരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 12 ന് ഇന്നസെന്റ് എം.പി യാണ് സ്ഥലം അളന്ന് തിരിക്കൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം 1200 മീറ്റർ സ്ഥലം അളന്ന് തിരിച്ചു. ബൈപാസിനായി ഏറ്റെടുക്കേണ്ട എയർപോർട്ട് റോഡ് വരെയുള്ള ഭുമി അടയാളപ്പെടുത്തുകയും ചെയ്തു.

മൂന്ന് അസംബ്ലി മണ്ഡലങ്ങളുടെ അതിർത്തികളെ ബന്ധിപ്പിക്കുന്ന കാലടി പാലത്തിന്റെയും ബൈപാസിന്റെയും നിർമ്മാണ നടപടികൾ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. ഈ പ്രദേശങ്ങളിലെ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഈ പ്രക്രിയ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും എം.പി പറഞ്ഞു.