കൊച്ചി വിമാനത്താവളത്തിൽ ഇനി ഇരുഭാത്തു നിന്നും ലാൻഡിങ്

 

നെടുമ്പാശേരി: റണ്‍വെയുടെ ഇരുഭാഗത്ത് നിന്നും ഏത് കാലാവസ്ഥയിലും വിമാന ലാന്‍ഡിങ് സാധ്യമാക്കുന്നതിനായി സിയാലില്‍ രണ്ടാമത്തെ ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉദ്ഘാടനം ചെയ്തു. നിലവില്‍ ഈ സംവിധാനം റണ്‍വെയുടെ കിഴക്ക് ഭാഗത്ത് നിന്നുള്ള ലാന്‍ഡിങ്ങിന് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാം ഐഎല്‍എസ് വന്നതോടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും അനായാസ ലാന്‍ഡിങ് സാധ്യമാകുകയാണ്.

വിമാന ലാന്‍ഡിങ്ങിന് കൃത്യത ഉറപ്പാക്കാനുള്ള സംവിധാനമാണ് ഐഎല്‍എസ് കിഴക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന റണ്‍വെയില്‍ വിമാനമിറക്കാന്‍ സാധാരണയായി റഡാര്‍ സംവിധാനമാണ് പൈലറ്റിനെ സഹായിക്കുന്നത്. ഇതിന്‍റെ സഹായത്തോടെ രണ്ടുഭാഗത്ത് നിന്നും സാധാരണ കാലാവസ്ഥയില്‍ വിമാനമിറക്കാന്‍ കഴിയും. എന്നാല്‍ മൂടല്‍മഞ്ഞ് പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ലാന്‍ഡിങ്ങിന്‍റെ കൃത്യത കൂട്ടാന്‍ ഐഎല്‍എസ് ഉള്‍പ്പെടെയുള്ള അനുബന്ധ സംവിധാനങ്ങള്‍ വേണം.

നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ കിഴക്ക് ഭാഗത്ത് മാത്രമേ ഐഎല്‍എസ് ഘടിപ്പിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ചെറിയ കാലാവസ്ഥാ പ്രശ്നങ്ങളുണ്ടാകുമ്പോള്‍പോലും കിഴക്ക് ഭാഗത്ത് മാത്രമായി ലാന്‍ഡിങ് പരിമിതപ്പെടുത്തേണ്ടിവരും. കൊച്ചിയിലേയ്ക്കുള്ള ഭൂരിഭാഗം വിമാനങ്ങളും പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് വരുന്നത്. ലാന്‍ഡിങ് കിഴക്ക് നിന്ന് മാത്രമാകുമ്പോള്‍ ഈ വിമാനങ്ങള്‍ക്ക് അധികം സഞ്ചരിക്കേണ്ടിവരും. സമയ നഷ്ടം, ഇന്ധനച്ചെലവ് എന്നിവയുമുണ്ടാകും.  ഈ പരിമിതി മറികടക്കാനാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കൊച്ചി വിമാനത്താവളത്തിലെ റണ്‍വെയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടി ഐഎല്‍എസ് സംവിധാനം ഏര്‍പ്പെടുത്തിയത്.

സിയാല്‍ ഒരു കോടിയോളം രൂപ ചെലവിട്ട് അനുബന്ധ സൗകര്യങ്ങളൊരുക്കി. റണ്‍വെയുടെ മധ്യഭാഗത്ത് തന്നെ വിമാനം വന്നിറങ്ങാന്‍ പൈലറ്റിനെ സഹായിക്കുന്ന ലോക്കലൈസര്‍, ലാന്‍ഡിങ്ങിന്‍റെ ചെരിവ് കൃത്യമായി കണക്കാക്കാന്‍ സഹായിക്കുന്ന ഗ്ലൈഡ് പാത്ത് എന്നീ ഉപകരണങ്ങളാണ് ഐഎല്‍എസ്സിലുള്ളത്. ഉപകരണ സംവിധാനത്തിന്‍റെ ഉദ്ഘാടനമാണ് നടന്നത്.

എയര്‍ലൈനുകളുമായുള്ള ഏകോപനം പൂര്‍ത്തിയാകുന്നതോടെ മൂന്നാഴ്ചയ്ക്കുള്ളില്‍  രണ്ടാം  ഐഎല്‍എസ്. പ്രവര്‍ത്തിച്ചുതുടങ്ങും.  ഇതോടെ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ക്കൊപ്പം കൊച്ചിയിലും ഏത് കാലാവസ്ഥയിലും റണ്‍വെയുടെ ഇരുവശത്തുനിന്നുമുള്ള ലാന്‍ഡിങ് സാധ്യമാകും.

സിയാലിലെ രണ്ടാം ഐഎല്‍എസ്സിന്‍റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്സിക്യൂട്ടീവ്  ഡയറക്ടര്‍ എ.എം.ഷബീര്‍, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എയര്‍പോര്‍ട്ട് ഡയറക്ടര്‍  ഡി ക്രൂസ്, ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍  പാര്‍ഥിപന്‍, സി.എന്‍.എസ്. ഇന്‍ ചാര്‍ജ് ടോണി എന്നിവര്‍ പങ്കെടുത്തു.