ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ

 

അങ്കമാലി: ജന്മനാ ജനനേന്ദ്രിയവും ഗര്‍ഭപാത്രവും ഇല്ലാത്തതിനാല്‍ വിവാഹ ജീവിതം നയിക്കാനാവില്ലെന്ന പ്രശ്നവുമായി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിയ യുവതിക്ക് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനിയായ 22 കാരിയായ യുവതിയാണ്‌ ഈ പ്രശ്നവുമായി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ. ഊര്‍മിള സോമനെ കാണാനെത്തിയത്.

ജനനേന്ദ്രിയവും ഗര്‍ഭപാത്രവും ഇല്ലാത്തതിനാല്‍ സ്വാഭാവിക രീതിയിലുള്ള ദാമ്പത്യജീവിതം അസാധ്യമായതിനാല്‍ കേരളത്തിനകത്തും പുറത്തും നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷമാണ് യുവതിയും ഭര്‍ത്താവും ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തുന്നത്. ഡോ. ഊര്‍മിള സോമന്‍റെ നേതൃത്വത്തില്‍ ഡോ. ജെസ്ന കെ.എ, ഡോ. ടി.വി ജോയി, ഡോ. സൂര്യ എന്നിവര്‍ ഉള്‍പ്പെടുന്ന നാലംഗസംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ മൂന്ന് മണിക്കൂര്‍ നീണ്ടു.

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തെ വിശ്രമത്തിനു ശേഷം തുടര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സ്ഥീരീകരിച്ചതായി ഡോ. ഊര്‍മിള പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തിയെടുക്കുക എന്നത് ഏറെ സങ്കീര്‍ണ്ണമാണെന്ന് ഡോക്ടര്‍ പറഞ്ഞു.കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് ഇനി അമ്മയാകാന്‍ കഴിയുമെന്ന് ഡോ. ഊര്‍മിള അറിയിച്ചു.
.