പുലി ചത്തതിന്‍റെ ആശ്വാസത്തിൽ നാട്ടുകാർ

 
കാലടി: കണ്ണിമംഗലത്ത് പുലിയെ ചത്ത നിലയിൽ കണ്ടതിന്‍റെ ആശ്വാസത്തിൽ നാട്ടുകാർ. കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രദേശത്ത് ഭീതി പരത്തിയ പുലിയാണ് ചത്തതെന്ന് കരുതുന്നത്. പുലിയെ പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാതിരുന്ന അവസ്ഥയിലായിരുന്നു നാട്ടുകാർ. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ മലയാറ്റൂർ മേഖലകളിൽ നിന്നും പിടികൂടിയത് 4 പുലികളെ.അതും ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് നിന്നും.

പലപ്പോഴും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും തലനാരിഴക്കാണ് നാട്ടുകാർ രക്ഷപ്പെടുന്നത്.ഒന്നിലതികം പുലികൾ ഇവിടെയുണ്ടെന്നാണ് വനം വകുപ്പ് അധികൃതരും പറയുന്നത്. അതിന്‍റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുമുണ്ട്. പിടികൂടുന്ന പുലികളെ ഉൾവനത്തിലേക്കാണ് തുറന്നു വിടുന്നത്. എന്നാൽ ഇരതേടാൻ എളുപ്പമായതിനാൽ അവ തിരകെ നാട്ടിലേക്ക് തന്നെ വരാനും സാധ്യതയുണ്ട്.നായ,പശു,ആട് മുതലായവയാണ് പുലികളുടെ ഇഷ്ട ഭക്ഷണം. മലയാറ്റൂർ മേഖലകളിൽ അത് സുലഭവും. ഒരിക്കൽ എത്തിയാൽ പുലി വീണ്ടും എത്തുമെന്നും പറയുന്നു

puliപുലി വീണ കെണി സ്വകാര്യ വ്യക്തി വച്ചതായതിനാൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വന്യ മൃഗങ്ങളുടെ സാന്നിധ്യം ശക്തമായതോടെയാണ് നാട്ടുകാർ സ്വന്തം നിലയിൽ സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയത്. പലരും കമ്പി വേലിയും ചെറു ഇരുമ്പ് കൂടുകളും കൃഷിസ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ചില സമയത്ത് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തീയിട്ടുമൊക്കെയാണ് ഇവിടത്തുകാർ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുന്നത്.

ജനവാസ കേന്ദ്രത്തിൽ നിന്ന് തുരത്താനോ, കെണിയിൽ വീണാൽ വനം വകുപ്പിനെ ഏൽപിക്കുകയോ ആണ് സാധാരണ ചെയ്യുന്നത്. എന്നാൽ കെണിയിൽ വീണ പുലി ചത്തതോടെ സംഗതി പുലിവാലായിരിക്കുകയാണ്. എന്തായാലും പുലി ശല്യം തീർന്നല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.