കൊച്ചിയിൽ 11 കോടിയുടെ കൊക്കെയ്ൻ പിടിച്ചു

 

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 11 കോടി രൂപ വിലവരുന്ന 2.10 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. തെക്കേ അമേരിക്കൻ രാജ്യമായ എൽസാൽവദോറിൽ നിന്നുള്ള ഡുറൻ സോല ജോണി അലക്സാണ്ടർ (34) കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണു കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ പിടികൂടിയത്.പ്രതിയെ അറസ്റ്റ് ചെയ്തു. രാജ്യാന്തര വിപണിയിൽ വൻവില ലഭിക്കുന്ന മുന്തിയതരം കൊക്കെയ്നാണു കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

എമിറേറ്റ്സ് വിമാനത്തിൽ എത്തിയ യുവാവ് ബ്രസീലിലെ റിയോ ഡി ജനീറോയിൽനിന്നു ദുബായ് വഴിയാണ് കൊച്ചിയിലെത്തിയത്. ചെക്കിൻ ബാഗിൽ സോപ്പുകളെന്ന വ്യാജേനയാണ് ഇയാൾ കൊക്കെയ്ൻ കടത്തിയത്. തെക്കേ അമേരിക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള കൊക്കെയ്ൻ കള്ളക്കടത്തു സംഘങ്ങളിലെ പ്രധാനിയാണു പിടിയിലായതെന്നു എൻസിബി സോണൽ ഡയറക്ടർ എ. ബ്രൂണോ പറഞ്ഞു.

പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും കൊച്ചിയിലെ എൻസിബി യൂണിറ്റിലേക്കു മാറ്റി. ഇയാൾക്കു സ്പാനിഷ് ഭാഷ മാത്രമാണു വശമുള്ളത്. ദ്വിഭാഷിയുടെ സഹായത്തോടെയാണു ചോദ്യം ചെയ്യൽ.