വികസന പ്രതീക്ഷയിൽ മഹാഗണിത്തോട്ടം

 

മലയാറ്റൂർ:മഹാഗണിത്തോട്ടത്തിന്റെ മുഖം മിനുക്കുന്നതിനു ബ്ലോക്ക് പഞ്ചായത്ത് പദ്ധതി. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണു ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പും വനസംരക്ഷണ സമിതിയും ചേർന്നാണ് ഇല്ലിത്തോട് മഹാഗണിത്തോട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്.കാലടി, മലയാറ്റൂർ രാജ്യാന്തര തീർഥാടന കേന്ദ്രങ്ങളുടെ സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രമാണിത്. മലയാറ്റൂരിനോടും കോടനാട് ആന സംരക്ഷണ കേന്ദ്രത്തോടും ചേർന്നു കിടക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്.

വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. മഹാഗണി മരങ്ങളാൽ നിബിഡമായ വനവും അതോടു ചേർന്നൊഴുകുന്ന പെരിയാറും സഞ്ചാരികളുടെ മനം കവരുന്നു. പെരിയാർ രണ്ടു വഴികളായി പിരിയുന്ന ദ്വീപുണ്ട്. വനത്തിനകത്തേക്കു പെരിയാറിൽ നിന്നു പോകുന്ന കൈത്തോടും പ്രദേശത്തിന്റെ സൗന്ദര്യം സൗന്ദര്യം വർധിപ്പിക്കുന്നു. ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വനപ്രദേശം കിട്ടിയിട്ടുണ്ട്. ഇവിടെ വിനോദസഞ്ചാരികൾക്ക് ആവശ്യമായ ശൗചാലയങ്ങൾ, കോട്ടേജുകൾ, ഏറുമാടങ്ങൾ എന്നിവ സ്ഥാപിക്കും.

സംരക്ഷണവലയം തീർത്ത് വന്യമൃഗങ്ങളിൽ നിന്നു സഞ്ചാരികൾക്കു സുരക്ഷ നൽകും. ഇതിനോടു ചേർന്നു പെരിയാറിന്റെ കൈത്തോടിൽ ചെക് ഡാം കെട്ടി വെള്ളം കെട്ടി നിർത്താനും ലക്ഷ്യമിടുന്നു. വെള്ളം കെട്ടിനിന്നാൽ വിനോദ സഞ്ചാരികൾക്കു നാടൻവഞ്ചികൾ, സ്പീഡ് ലോഞ്ച് ബോട്ടുകൾ, പെഡൽ ബോട്ടുകൾ, കുട്ടവഞ്ചികൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാനാകും. മഹാഗണിത്തോട്ടത്തിനോടു ചേർന്ന് ഒരു ചെറുദ്വീപുണ്ട്. ഈ ദ്വീപും ഭംഗിയായി വികസിപ്പിക്കും. മഹാഗണിത്തോട്ടത്തിൽ നിന്നു ദ്വീപിലേക്കു വിനോദ സഞ്ചാരികൾക്ക് എത്തിച്ചേരാൻ വാക് വേ ബ്രിജ് നിർമിക്കാൻ പദ്ധതിയുണ്ട്.

mahagani2വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാല, കുട്ടികൾക്കായി പ്രത്യേക പാർക്ക്, ഏറുമാടങ്ങൾ എന്നിവ ഇവിടെ സജ്ജീകരിക്കും. വികസനത്തിന് ആവശ്യമായ തുക പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എംഎൽഎ ഫണ്ട്, എംപി ഫണ്ട്, ടൂറിസം ഡിപ്പാർട്മെന്റ്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് എന്നിവയിൽ നിന്നു സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ട വികസനത്തോടനുബന്ധിച്ചു ശൗചാലയ നിർമാണത്തിനു ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. വനസംരക്ഷണ സേനയും ഗ്രീൻ ആർമിയും ചേർന്നു വനശുചീകരണ പ്രവർത്തനങ്ങളും നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് ടി.ടി. മനോജ് അധ്യക്ഷത അധ്യക്ഷത വഹിച്ചു.