അങ്കമാലി മൂന്നാം പറമ്പില്‍ വന്‍ വാഷ് വേട്ട

അങ്കമാലി : കറുകുറ്റി പഞ്ചായത്ത് മൂന്നാം പറമ്പിൽ വൻ വാഷ് വേട്ട. പാടശേഖരത്തിനോട് ചേര്‍ന്ന് കൈതക്കാട്ടില്‍ നിന്നും ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 550 ലിറ്റര്‍ വാഷ് അങ്കമാലി എക്സൈസ് സംഘം കണ്ടെടുത്തു. അങ്കമാലി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ആണ് വാഷ് കണ്ടെത്തിയത്.

മൂന്ന് ഡ്രമ്മുകളിലായി കൈതക്കാടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് . പ്രത്യക്ഷത്തില്‍ ആരും കണ്ടുപിടിക്കാത്ത രീതിയില്‍ വാഷിട്ടിരുന്ന ഡ്രമ്മുകള്‍ ചെളിയില്‍ താഴ്ത്തി കറുത്ത ഷീറ്റിട്ട് മൂടിയ ഒളിപ്പിച്ച നിലയിലായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല. പ്രതിയെ കണ്ടുപിടിക്കുന്നതിനായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായും അനധികൃതമായി ചാരായം വാറ്റുന്നത് തടയുന്നതിനുള്ള ശക്തമായ നടപടികള്‍ നടത്തിവരികയാണെന്നും എക്സൈസ് അറിയിച്ചു.

എക്സൈസ്സ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തിൽ, പ്രിവന്‍റീവ് ഓഫീസറായ പി.കെ. ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാലു എസ്, സജോ വര്‍ഗ്ഗീസ്, ഷിവിന്‍.പി.പി, അജി. പി.എന്‍ എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് വാഷ് കണ്ടെടുത്തത്.