മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനം : എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒന്നാം സ്ഥാനം

 
അങ്കമാലി: സംസ്ഥാനതലത്തില്‍ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെസിബിസിയുടെ ബിഷപ്പ് മാര്‍ മാക്കില്‍ അവാര്‍ഡ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്ന് അതിരൂപതയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നേരേവീട്ടില്‍, പ്രസിഡന്‍റ് കെ.എ. പൗലോസ് കാച്ചപ്പിള്ളി, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, രൂപത ഭാരവാഹികളായ ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍, എം. പി. ജോസി തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

എറണാകുളം അങ്കമാലി അതിരൂപത നടത്തിയ വ്യത്യസ്തമായ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് അവാര്‍ഡ് ലഭിച്ചത്. മദ്യ വര്‍ജ്ജന പ്രവര്‍ത്തനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. മദ്യം, ലഹരിവിരുദ്ധ എന്നീ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ മദ്യവിരുദ്ധ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് അഭിപ്രായം ആരായണം. സംസ്ഥാനത്ത് ലഹരിമാഫിയ കേസ് പിടുത്തം ഫലപ്രദമല്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ വിമര്‍ശനം വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണണം എന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ വിവിധ മദ്യവിരുദ്ധ സംഘടനകളുടെ വിശാല സഖ്യത്തിന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അടച്ച ബാറുകള്‍ തുറക്കില്ലെന്നും മുന്‍സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്നും പറഞ്ഞവര്‍ ഇതെല്ലാം പൂര്‍ണ്ണമായി ലംഘിച്ചു. ഈ വാഗ്ദാന ലംഘനത്തിനെതിരെയാണ് ചെങ്ങന്നൂരില്‍ മദ്യവിരുദ്ധ സംഘടനകള്‍ “ഡോര്‍ ടു ഡോര്‍” പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

അവാര്‍ഡ്ദാന ചടങ്ങില്‍ സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ മരിയറ്റ, എബ്രാഹാം ഓലിയപ്പുറം, ശോശാമ്മ തോമസ്, ബാബു പോള്‍, കെ.ഒ ജോയി, ഇ.പി വര്‍ഗീസ്, കെ.എ റപ്പായി, ആന്‍റു മുണ്ടാടന്‍, പൗളിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.