വളം ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധ ധർണ്ണ

 

കാലടി: വളം ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരെ  കാലടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന് മുൻപിൽ കാലടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.റോജി എം ജോൺ എം.എൽ.എ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കാലടി പഞ്ചായത്തിലെ കർഷകുടെ ആശാകേന്ദ്രമാണ് കാലടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക്. കർഷകുടെ ഉന്നമനത്തിനായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി കമ്മീഷൻ വ്യവസ്ഥയിൽ 4 വളം ഡിപ്പോകൾ ആരംഭിച്ചിരുന്നു. ലാഭകരമല്ലാത്തതിനാൽ വർഷങ്ങൾക്ക് മുമ്പ് രണ്ട് ഡിപ്പോകൾ അടച്ചുപൂട്ടി. ശേഷിച്ച രണ്ട് ഡിപ്പോകളിൽ ഒന്ന് മാണിക്യമംഗലത്തും മറ്റൊന്ന് പിരാരൂരിലുമാണ് പ്രവർത്തിക്കുന്നത്.

ഈ രണ്ട് ഡിപ്പോകളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.ഇതിനെതിരെയാണ് ധർണ്ണ നടത്തിയത്.ബാങ്ക് കർഷകരെ സേവിക്കുന്നതിനുപകരം കർഷകരെ ദ്രോഹിക്കുയാണെന്നും വളം ഡിപ്പോകൾ അടച്ചുപൂട്ടുന്ന നടപടികളിൽ നിന്നും ഭരണസമിതി പിൻമാറണമെന്നും റോജി എം ജോൺ എം.എൽ.എ ആവശ്യപ്പെട്ടു.

കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.സി. ബേബി അദ്ധ്യക്ഷത വഹിച്ചു. ധർണ്ണ സമരത്തിന് മുന്നോടിയായി മറ്റൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്തു.

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.കെ.ബി സാബു, മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി എം. കുട്ടപ്പൻ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതാക്കളായ സ്റ്റീഫൻ പട്ടത്തി, എം. പി ആന്റണി, വാവച്ചൻ താടിക്കാരൻ, ഷൈജൻ തോട്ടപ്പിള്ളി, റെന്നിജോസ്, പൗലോസ് കോനൂരാൻ, ജോർജ്ജ് മൂന്നുപീടിയേയ്ക്കൽ, അൽഫോൻസാ പൗലോസ്, തുടങ്ങിയവർ സംസാരിച്ചു.