കാഞ്ഞൂരിലെ പ്രധാന ജംഗ്ഷന് വീതികുറവ്: ഗതാഗതകുരുക്ക് രൂക്ഷം

 

കാഞ്ഞൂര്‍ : കാഞ്ഞൂര്‍ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ വീതികൂട്ടുകയും റോഡിന്‍റെ ഇരുവശങ്ങളും ഐറീഷ് വര്‍ക്കുകള്‍ ചെയ്തെങ്കിലും കാഞ്ഞൂര്‍ ടൗണിൽ ഗതാഗതകുരുക്ക് രൂക്ഷം. കാലടി കാഞ്ഞൂര്‍ റോഡില്‍ നമ്പിള്ളി ക്ഷേത്രം മുതല്‍ കാഞ്ഞൂര്‍ എസ്എന്‍ഡിപി. ജംക്ഷന്‍ വരെ റോഡിന് വീതികുറഞ്ഞ് കുപ്പിക്കഴുത്ത് പോലെയാണ്.

പഞ്ചായത്ത് പ്രദേശങ്ങളിലെ നാലോളം ഹൈസ്കൂളുകള്‍, പഞ്ചായത്താഫീസ്, കൃഷിഭവന്‍, ആശുപത്രി, അക്ഷയസെന്‍റര്‍, ബാങ്ക് മുതലായ സ്ഥാപനങ്ങള്‍, കൂടാതെ തീർഥാടനകേന്ദ്രമായ കാഞ്ഞൂര്‍പള്ളി, പുതിയേടം പാർഥസാരഥി ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, ആയൂര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍, ഇലക്ട്രിക്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്കാണ് വൻ ഇവിടെ അനുഭവപ്പെടുന്നത്‌.

പഞ്ചായത്തുപരിസരങ്ങളില്‍ പല പോസ്റ്റുകളും റോഡിലേക്ക് കയറിയാണ് നില്ക്കുന്നത്. പലവട്ടം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പരാതി അിറയിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.എന്‍. അശോകന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്താഫീസിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ വണ്ടിയിടിച്ച് യുവാവ് മരിച്ചത്. ഇതിനെതിരെ നടത്തിയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് ആ പോസ്റ്റുമാത്രമാണ് മാറ്റിയത്.

റോഡിന്‍റെ ഇരുവശവും പുറമ്പോക്ക് ഭൂമി ഉണ്ടെങ്കിലും വര്‍ഷങ്ങളായി ഭൂരിഭാഗവും കൈയ്യേറ്റക്കാരരുടെ കൈവശമാണ്. പഞ്ചായത്ത് ഭരണക്കാരുടെ മൗനാനുവാദത്തോടുകൂടി ഈ പ്രദേശത്ത് കെട്ടിടങ്ങള്‍ വന്നതോടെയാണ് റോഡിന് വീതികുറഞ്ഞു പോയതെന്ന് ബിജെപി ആരോപിച്ചു. കാലടി-ആലുവ റൂട്ടില്‍ ധാരാളം ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. തുറവുങ്കര വഴി എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍, പാറപ്പുറം, തൃക്കണിക്കാവ്, സൗത്ത് വെള്ളാരപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേയ്ക്കും ധാരാളം ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

സമീപത്തെ രണ്ട് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും മറ്റുയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നത് ഈ ഭാഗത്താണ്. രാവിലെയും വൈകീട്ടും വന്‍തിരക്ക് ഇവിടെ അനുഭവപ്പെടുന്നു. സ്കൂള്‍ തുറക്കുന്നതോടെ സമീപപ്രദേശങ്ങളിലെ സ്കൂള്‍ ബസുകള്‍, ഒക്കല്‍, മലയാറ്റൂര്‍, ശ്രീമൂലനഗരം, കാലടി എന്നീവിടങ്ങളിലെ സ്കൂള്‍ബസുകള്‍ വേറെയും. കൂടാതെ വലതും ചെറിയതുമായ മറ്റു വാഹനങ്ങള്‍. ഈ പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത് ദീര്‍ഘവീക്ഷണത്തോടുകൂടി റോഡ് വീതികൂടി പ്രശ്നപരിഹാരം കാണണമെന്ന് ബിജെപി കാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.