സ്ഥാപനങ്ങൾ ജോലിക്കാർക്ക് അർഹതപ്പെട്ട വേതനം നൽകുന്നില്ലെങ്കിൽ പണി പാളും

 

നെടുമ്പാശേരി: അർഹതപ്പെട്ട വേതനം നൽകാതിരുന്ന കമ്പനിയ്ക്ക് തൊഴിൽ വകുപ്പ് 16 ലക്ഷം രൂപ പിഴയിട്ടു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കരാർ കമ്പനിയായ ഒറിയോൺ സെക്യൂരിറ്റി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് തൊഴിൽ വകുപ്പ് 16.27 ലക്ഷം രൂപ പിഴ ഈടാക്കിയത്.

ഇവിടെ ജോലി ചെയ്തിരുന്ന 62 തൊഴിലാളികൾക്ക് മിനിമം വേതന ഇനത്തിലും ഓവർടൈം വേതന ഇനത്തിലും ലഭിക്കേണ്ട തുക ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണ് തൊഴിൽ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളം ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) മുഹമ്മദ് സിയാദിനാണ് തൊഴിലാളികൾ പരാതി നൽകിയത്.

തുടർന്ന് അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസർ അന്വേഷണം നടത്തുകയും പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതോടെ സ്ഥാപനം 16,27,298 രൂപ അടയ്ക്കാൻ തയ്യാറാവുകയായിരുന്നു. തൊഴിൽ വകുപ്പിന്റെ നടപടി തൊഴിലാളികൾക്ക് ആശ്വാസമാകാൻ സഹായിച്ചെന്ന് ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഡി. സുരേഷ്‌കുമാർ അറിയിച്ചു.