ഹോട്ട് കറന്റ് ടു കോൾഡ് കറന്റ് കൺവെർട്ടർ ഉണ്ടെങ്കിൽ ഷോക്ക് അടിക്കുമെന്ന പേടിവേണ്ട

 

കാലടി: വൈദ്യുതി ഷോക്ക് മൂലമുളള അപകടങ്ങൾ ഇല്ലാതാക്കാനുളള ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളജിലെ വിദ്യാർത്ഥികൾ. മൂന്നാം വർഷ ഇലട്രിക്കൽ വിദ്യാർത്ഥികളായ ജെസ്റ്റിൻ കോളിൻ കൊറയ, പി.ജെ. ബെൻ റോസ് എന്നിവരാണ് ഹോട്ട് കറന്റ് ടു കോൾഡ് കറന്റ് കൺവെർട്ടർ എന്ന ഉപകരണത്തിനു പിന്നിൽ.

ഇതു വഴി വീടുകളിലേയും വലിയ വ്യവസായ സ്ഥാപനങ്ങളിലേയും വൈദ്യുതി സംബന്ധമായ ഏത് ഉപകരണവും സുരക്ഷിതമായി ആർക്കും ഉപയോഗിക്കാൻ കഴിയും. മെയിൻ സ്വുച്ചുമായാണ് ഉപകരണം ബന്ധിപ്പിക്കുന്നത്. ഇതുമൂലം വൈദ്യുതി ലൈനുകളിൽ നേരിട്ട് സ്പർശിച്ചാലും ഷോക്കടിക്കുകയില്ല.

വൈദ്യുതിയിലെ സ്ഥിരത ഇല്ലായ്മക്കും ഇത് പരിഹാരമാകും. ഷോർട്ട് സർക്യൂട്ട് മൂലമുളള അപകടങ്ങളും ഇല്ലാതാക്കാനും സാധിക്കും. ഒരു പ്രദേശത്ത് വൈദ്യുതി ലൈനുകളിൽ അറ്റകുറ്റ പണികൾ നടക്കുമ്പോൾ വൈദ്യുതി പൂർണമായും ഓഫാക്കിയാണ് പണികൾ നടക്കുന്നത്. എന്നാൽ ഈ ഉപകരണം വഴി ജോലികൾ നടക്കുന്ന ലൈനുകളിലെ വൈദ്യുതി മാത്രം ഓഫാക്കാൻ കഴിയും.

കാഞ്ചീപുരം എസ്.സി.എസ്.വി.എം.വി. കോളജിൽ നടന്ന ദേശീയതല പ്രൊജക്റ്റ് എക്‌സിബിഷനിൽ ഈ കണ്ടുപിടുത്തത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്രൊഫ. ജിനോ പോളിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഇത് വികസിപ്പിച്ചെടുത്തത്. പ്രിൻസിപ്പാൽ ഡോ. പി. സി. നീലകണ്ഠൻ, പ്രൊഫ. ദിവാകര മേനോൻ തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ചു.