ഇരട്ടകൾക്ക് ഇരട്ടിമധുരം

 

കാലടി : ഇരട്ടക്കുട്ടികളായ അലീനയും അനീനയും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നാടിന് അഭിമാനമായി. മലയാറ്റൂർ സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർഥിനികളായ അലീന ജോണി , അനീന ജോണി എന്നിവരാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരട്ടക്കുട്ടികൾ.

ഒന്ന് മുതൽ പത്ത് വരെ ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ച് വന്ന ഈ ഇരട്ട കുട്ടികളുടെ വിജയത്തിൽ വീട്ടുകാർക്കും സ്ക്കൂൾ അധികൃതർക്കും കൂട്ടുകാർക്കും സന്തോഷം. അലീനയും അനീനയും പഠിച്ച മലയാറ്റൂർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുന്ന പി.എ. ജോണിയുടെയും അന്നമനട ഗവൺമെന്‍റ് യുപി സ്കൂളിലെ അധ്യാപികയായ സെലിൻ ജോണിയുടെയും മക്കളാണ് ഈ മിടുക്കികൾ.

എല്ലാക്കാര്യത്തിലും ഇവർ ഒരുമിച്ചാണ്. ഒറ്റ നോട്ടത്തിൽ ഇരുവരെയും തിരിച്ചറിയാനും പ്രയാസം. തലമുടിയുടെ വകച്ചിൽ നോക്കിയാണ് അടുത്തറിയാവുന്നവർ പോലും തിരിച്ചറിയുന്നത്. ഡോക്ടർ ആകാൻ ആഗ്രഹിക്കുന്ന അനീനയും അധ്യാപികയാകുവാൻ ആഗ്രഹിക്കുന്ന അലീനയും പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾ എടുത്ത്പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്.

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മലയാറ്റൂർ സെന്‍റ് തോമസ് സ്കൂളിന് നൂറ് ശതമാനം വിജയമാണ് ഉള്ളത് 23 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്