മലയാറ്റൂരിൽ നിന്നും ഒരു മദർ തെരേസ

 

ഡോക്ടർ ആകണമെന്ന ആഗ്രഹം സിസ്റ്റർ ജൂഡ് എമ്മി റോസിന്‍റെ സ്വപ്നങ്ങളിലെങ്ങും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് ഉത്തർപ്രദേശിലെ മൗ ഗ്രാമത്തിലെ ജനങ്ങളുടെ പ്രിപ്പെട്ട ഡോക്ടറമ്മയാണ് സിസ്റ്റർ ജൂഡ്. ആതുര ശുശ്രൂഷ രംഗത്ത് അവസാന വാക്കെന്നുപറയാം ഈ കന്യാസ്ത്രീ. അതുകൊണ്ടുതന്നെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാണി ലക്ഷ്മി ഭായി അവാർഡ് നൽകി സിസ്റ്റർ ജൂഡിനെ ആദരിച്ചത്.

ഒരു ദിവസം മൂന്നൂറിലധികം രോഗികളെ കാണുക എന്നത് അത്ര ചെറിയ കാര്യമില്ല. ഒരു തൊഴിൽ എന്നതിലുപരി നിസ്വാർഥമായ സേവനമായി കാണുമ്പോൾ മാത്രമേ അതിനു കഴിയു. എഴുപതിനായിരത്തിലധികം സിസേറിയൻ നടത്തിയിട്ടുണ്ടാകും ഡോ. ജൂഡ്. സാക്ഷരകേരളത്തിലല്ല ഇതെന്ന് ഓർക്കണം.

യുപിയിലെ ഒരു കുഗ്രാമത്തിൽ ആണ്. ഒരു പിഴവ് മതി. എല്ലാം തകിടംമറിയും. ദൈവ പരിപാലനയിൽ എല്ലാം നന്നായി മാത്രം നടക്കുന്നു. ക്രിസ്തുവിന്‍റെ കൃപയാണ് ആ കൈകളിലൂടെ പകരുന്നത്. സിസ്റ്റർ ജൂഡ് എന്നോ ഡോ. ജൂഡെന്നോ വിളിച്ചോളു. സിസ്റ്ററിന്‍റെ മുഖം ഏതു സമയവും പ്രസന്നമാണ്. ആ പ്രസന്നത മൗ ഗ്രാമത്തിലാകെ പരന്നിരിക്കുന്നു. 40 വർഷത്തിനിപ്പുറം മൗവിലെ ആ പഴയ ഡിസ്പെൻസറി 350 ബെഡുള്ള മറ്റു വിഭാഗത്തിലുള്ള ചികിത്സകളും ലഭിക്കുന്ന മികച്ച ആശുപത്രിയാണ്.

മലയാറ്റൂർ വെളളാനിക്കൽ ദേവസിയുടെയും അന്നമ്മയുടെയും പത്ത് മക്കളിൽ ഏറ്റവും ഇളയതാണ് ജൂഡ്. ചെറുപ്പത്തിൽ വിശുദ്ധരെക്കുറിച്ചുളള പുസ്തകങ്ങളോടായിരുന്നു താത്പര്യം. പുണ്യവതിയാകണമെന്നായിരുന്നു ആഗ്രഹവും. പിതാവിനോട് മിഷണറിയാകണമെന്ന് താത്പര്യം പറഞ്ഞപ്പോൾ 2 കൊല്ലത്തിനുശേഷം ആലോചിക്കാം എന്നായിരുന്നു മറുപടി. എന്നാൽ ഒരുകൊല്ലമായപ്പോഴേക്കും പിതാവിനു തീരുമാനം മാറ്റേണ്ടിവന്നു. മകളെ സഭയ്ക്കു സമർപ്പിച്ചു. എംഎസ്‌ജെ സഭയിലായിരുന്നു പ്രവർത്തനം. പഠനശേഷം സഭാ അധികൃതർ ഡൽഹിയിലെ ലേഡി ഹാഡി മെഡിക്കൽ കോളേജിൽ എംബിബിഎസിനു വിട്ടു. തുടർന്ന് എംഡിയും പാസായി.

പിന്നീട് വൈദ്യ ശുശ്രൂഷ രംഗത്തേക്ക്. ഗൈനക്കോളജിയായിരുന്നു പ്രവർത്തനമേഖല. 1977 ൽ ആണ് വാരണാസിയിൽ നിന്നും 125 കിലോമീറ്റർ അകലെയുളള മൗ ഗ്രാമത്തിൽ എത്തുന്നത്. അന്ന് യാതൊരു അടിസ്ഥാന സൗകര്യമില്ലാത്ത പ്രദേശം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിൽ. പ്രസവം വീട്ടിൽതന്നെ. പ്രസവാനുബന്ധമായ മരണങ്ങളും നിരവധി.

മൗവിൽ ചെറിയൊരു ഡിസ്‌പെൻസറിയായിട്ടായിരുന്നു തുടക്കം.ആദ്യമൊക്ക ആളുകൾക്ക് വരാൻ മടിയായിരുന്നു.പിന്നീട് ബോധവത്ക്കരണവും മറ്റുമായപ്പോൾ മടി മാറിത്തുടങ്ങി. പിന്നെ പിന്നെ ജനങ്ങളുടെ അത്താണിയായി ഈ ആശുപത്രി. ജൂഡ് ഡോക്ടർ ജനങ്ങളുടെ സ്വന്തം ഡോക്ടറമ്മയായി…തിരക്ക് വർധിച്ചു.

ആശുപത്രിയും വലുതായി.ഡോക്ടറുടെ ഊണും ഉറക്കവുമെല്ലാം ആശുപത്രിയിലായി. രോഗികൾക്കൊപ്പമായി ജീവിതം. ഡോക്ടർ ജനങ്ങളുടെ ആശാകേന്ദ്രമായി മാറി.ജനങ്ങൾക്ക് എന്തിനും ഡോക്ടർ വേണമെന്ന അവസ്ഥ. ഗ്രാമത്തിന്‍റെ ആവശ്യങ്ങൾ മനസിലാക്കി സിസ്റ്റൾ പ്രവർത്തിച്ചു.

ഡോക്ടറുടെ സേവനത്തെ മുൻ നിർത്തി നിരവധി പുരസ്‌ക്കാരങ്ങളാണ് തേടിയെത്തിയത്. മൗ ഗൗരവ് അവാർഡ്, ഗൈനക്കോളജി സൊസൈറ്റി അവാർഡ്, കർവീർ അവാർഡ്, ഹാർമണി സിൽവർ അവാർഡ്….അങ്ങനെ പതിനഞ്ചിലേറെ പുരസ്‌ക്കാരങ്ങൾ.

ഒരാഴ്ചത്തെ അവധിയിൽ കേരളത്തിൽ വന്നതാണ് സിസ്റ്റർ. ബന്ധുക്കൾക്കൊപ്പം കേരളത്തിലെ സഹപ്രവർത്തകരേയും ഒന്നു കാണണം. ഡോ.ജൂഡിന്‍റെ അവധിയെടുക്കൽപോലും മൗ ദേശക്കാർക്ക് നൊമ്പരമാണ്. ഒരു ഡോക്യുമെന്‍ററിയുടെ ഭാഗമായി ആലുവായിൽ മറ്റ് സിസ്‌റ്റേഴ്‌സിന്‍റെ ഒപ്പം കാണുമ്പോൾ സിസ്റ്റർ ജൂഡ് തിരിച്ചുപോകാനുളള ഒരുക്കത്തിലായിരുന്നു….മൗവിന്‍റെ പ്രിയപ്പെട്ട ഡോക്ടറായി…