ചമ്പന്നൂരിൽ തെരുവ്നായ ശല്യം രൂക്ഷം: ആടിനെ കടിച്ചു കൊന്നു

 

അങ്കമാലി: ചമ്പന്നൂർ വ്യവസായ മേഖലയിലടക്കം തെരുവ്നായ ശല്യം രൂക്ഷം. ചമ്പന്നൂർ സ്വദേശി കാച്ചപ്പിള്ളി കുര്യപ്പൻ പോളച്ചന്‍റെ ആടിനെ തെരുവ് നായകൾ കടിച്ച് കൊന്നു. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

നഗരസഭയുടെ മലബാറി ആടുവളർത്തൽ പദ്ധതി പ്രകാരം ലഭിച്ച ആടുകളിലൊന്നിനെയാണ് നായ്ക്കൾ കൊന്നത്. വ്യവസായ മേഖലയിൽ മാലിന്യം കൂടിക്കിടക്കുന്നതാണ് നായ ശല്യം കൂടാൻ കാരണം. നഗര സഭയിലെ മാലിന്യം സ്തംഭിച്ചതോടെയാണ് മാലിന്യം കുന്നുകൂടിയത്.

നായ് ശല്യം നിയന്ത്രിക്കാനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലന്നും ഇത് സംബന്ധിച്ച് ജില്ലാ കലക്റ്റർക്ക് നിവേദനം നൽകിയതായും വാർഡ് കൗൺസിലർ അഡ്വ. സാജി ജോസഫ് അറിയിച്ചു.