എം.ഇ അലിയാർ പടിയിറങ്ങുന്നത് 14 ബിരുദാനന്തര ബിരുദങ്ങളുമായി

 

നെടുമ്പാശ്ശേരി : എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേടതിയിൽ നിന്നും പടിയിറങ്ങുന്ന എം.ഇ അലിയാർ മൂന്ന് പതിറ്റാണ്ട് നീളുന്ന സർവീസിനിടയിൽ സാമ്പാദിച്ചത് 14 ബിരുദാനന്തര ബിരുദങ്ങൾ.ഒപ്പം മറ്റ് പല ഡിപ്ലോമകളും. അതിനേക്കാളുപരി നിയമരംഗത്തും കോടതി വ്യവഹാരരംഗത്തും ഉപകാരപ്പെടുന്ന റഫറൻസ് ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ശിരസ്തദാറായി എം.ഇ. അലിയാർ വിരമിക്കുമ്പോൾ സഹപ്രവർത്തകർക്കും നിയമരംഗത്തുള്ളവർക്കും അരികത്തു നിന്നും നഷ്ടപ്പെടുന്നത് എന്തുകാര്യത്തിനും പരിഹാരം കാണുന്ന പരിണത പ്രജ്ഞനായ ഒരാളെക്കൂടിയാണ്. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ജീവനക്കാരായിരുന്ന പെരുമ്പാവൂർ സൗത്ത് വല്ലം മുക്കട വീട്ടിൽ ഇബ്രാഹിമിന്‍റെ ഫാത്തിമ ബീവിയുടെയും മകനായ എം.ഇ.അലിയാർ.

1987 ൽ കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എൽ.ഡി ക്ലർക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അക്കാലത്തുത്തന്നെ നിയമ ബിരുദം പൂർത്തിയാക്കി. പിന്നീട് ക്രൈം, ലോ ഓഫ് കോൺട്രാക്റ്റ്, കോൺസ്റ്റിറ്യൂഷനൽ ലോ, മാരിടൈം ലോ, സൈബർ ലോ എന്നീ വിഷയങ്ങളിൽ നിയമ ബിരുദാനന്തര ബിരുദം നേടി. ഇതിൽ ക്രിമിനൽ ലോയിൽ രണ്ടാം റാങ്കും മാരിടൈം ലോയിൽ മൂന്നാം റാങ്കും നേടി . കൂടാതെ മാസ്റ്റർ ഓഫ് ബിസിനസ് ലോയും , ഇകണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ക്രിമിനോളജി, പോലീസ് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി എന്നീ വിഷയങ്ങളിൽ എംഎയും എംഎസ്സി, എംബിഎ, എം.ജി സർവകലാശാലയിൽനിന്ന് ഫാമിലി കൗൺസിലിങ്ങിൽ പി.ജി ഡിപ്ലോമ, ഇൻഡസ്ട്രിയൽ മാനേജ്മെൻറ് ഡിപ്ലോമ, ഇഗ്നോയിൽനിന്ന് ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോയിൽ ഡിപ്ലോമ, കുവൈത്ത് യൂണിവേഴ്സിറ്റിയിൽനിന്ന് കമ്യുണിക്കേറ്റീവ് അറബിക്കിൽ ഡിപ്ലോമ എന്നിവയും.

ഇടക്ക് സർവീസിൽനിന്ന് ലീവെടുത്ത് കുവൈത്ത് എയർവേസിലും ജോലി ചെയ്ത അനുഭവവും അദ്ദേഹത്തിനുണ്ട്. അഞ്ച് വർഷം മജിസ്ട്രേറ്റ് എന്ന നിലയിലും തിളങ്ങാനായി. ആലപ്പുഴ, രാമങ്കരി, പറവൂർ മജിസ്ട്രേറ്റ് കോടതികളിലായിരുന്നു ഇദ്ദേഹം അഞ്ച് വർഷം താൽക്കാലിക മജിസ്ട്രേറ്റായി സേവനമനുഷ്ടിച്ചത്. ഇതിനിടെ, സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി ലോ സ്കൂളുകളിൽ വിസിറ്റി ഫാക്കൽറ്റിയായി ക്ലാസെടുത്തു.

അടുത്തിടെ ഇദ്ദേഹം നിയമ രംഗത്ത് റഫറൻസിന് സഹായകമാകുന്ന കേരള ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടീസ്, ലോ ഓഫ് കോൺട്രാക്റ്റ്, ലോ ഓഫ് എവിഡൻസ് തുടങ്ങിയ പുസ്തകങ്ങളുടെ രചനയും നിർവഹിച്ചു. മാരിടൈം ലോയുമായി സംബന്ധമായ പുസ്തകം ഉടനെ പ്രകാശനം ചെയ്യും. കൂവപ്പടി ഗവ.ഹയർ സെക്കന്‍ററി സ്കൂളിൽ അധ്യാപികയായ സുഹറാ ബീവിയാണ് ഭാര്യ. മൂത്തമകൻ ആസിഫ് ദൽഹി എൻ.ഐടിയിൽ എംബിഎ വിദ്യാർഥിയും ഇളയമകൻ ആദിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ അവസാന വർഷ ബിടെക് വിദ്യാർഥിയുമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി സൗജന്യ മുൻസിഫ് മജിസ്ട്രേറ്റ് പരിശീലനം നൽകുന്ന ഇദ്ദേഹത്തിന്‍റെ ശിഷ്യരിൽ നിരവധി പേർ ജുഡീഷ്യൽ സർവീസിൽ കയറിയിട്ടുണ്ട്. സർവീസിൽ നിന്നും വിരമിച്ചാലും വെറുതെയിരിക്കാനല്ല അദ്ദേഹത്തിന്‍റെ ആഗ്രഹം. വഖഫ് ബോർഡിന് കീഴിൽ കേരളത്തിൽ സിവിൽ സർവീസ് ലോ അക്കാദമി സ്ഥാപിക്കുകയാണ് ആഗ്രഹം. ഇതിനായി പ്രോജക്റ്റ് റിപ്പോർട്ട് വഖഫ് ബോർഡിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് എം.ഇ. അലിയാർ.