നവതിയുടെ നിറവിൽ അങ്കമാലി വലിയ മഠം

 

അങ്കമാലി : ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് സഭയുടെ സമർപ്പിത വേലയുടെ സുഗന്ധം എറണാകുളം അതിരൂപതയിൽ പരത്തുവാൻ അതിരൂപതയിൽ ആദ്യം ആരംഭിച്ച വലിയ മഠം എന്ന് അറിയപ്പെടുന്ന അങ്കമാലിയിലെ സേക്രഡ് ഹാർട്ട് ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺവെന്റിനു  90 വയസ്സ്.മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ അനുഗ്രഹാശിസുകളോടെ 1928 ഏപ്രിൽ 29 നാണു ഇന്നത്തെ അങ്കമാലി കിഴക്കേപള്ളിയായ അന്നത്തെ അങ്കമാലി ഭദ്രാസനത്തോട് ചേർന്ന് അങ്കമാലിക്കാരനായ തച്ചിൽ കൊച്ചു വർക്കിച്ചൻ പള്ളിക്കു ദാനമായി നൽകിയ ബംഗ്ലാവിൽ കേരളത്തിലെ മൂന്നാമത്തെയും എറണാകുളം അതിരൂപതയിലെ ആദ്യത്തെയുമായ എഫ് സി സി കോൺവെന്റിന്‌ അന്നത്തെ അങ്കമാലി പള്ളി വികാരിയായിരുന്ന പൈനാടത്ത് കൊച്ചൗസേപ്പച്ചൻ തുടക്കം കുറിക്കുന്നത്.

മദർ മറിയം ത്രേസ്സ്യായുടെ നേതൃത്വത്തിൽ 3 സന്യസ്തരാണ് അന്ന് ഈ മഠത്തിൽ ഉണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ ദുർഘട പാതയിലൂടെ സഞ്ചരിക്കുമ്പോഴും നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ് തുടക്ക കാലങ്ങളിൽ കോൺവെൻറ് മുന്നോട്ട് പോയിരുന്നത്.പിന്നീട് പള്ളിയിലേക്ക് നെല്ലുകുത്തികൊടുത്തും ഓസ്തി അടിച്ചു കൊടുത്തും പള്ളിയിലെ ചെറിയ ജോലികളിൽ സഹായിച്ചുമാണ് നിത്യവൃത്തിക്കുവേണ്ടിയുള്ള വരുമാനം കണ്ടെത്തിയിരുന്നത്.

അതോടൊപ്പം അങ്കമാലി പള്ളിയുടെ കീഴിലായിരുന്ന സെ. മേരീസ് എൽ പി സ്‌കൂളിന്റെ മേൽനോട്ട ചുമതലയും പള്ളി കമ്മിറ്റി എഫ് സി സി സിസ്റ്റേഴ്സിനെ ഏൽപ്പിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ തന്നെ 30 ഇൽ അധികം സിസ്റ്റേഴ്സ് ഇവിടേക്ക് എത്തിച്ചേർന്നു . ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്ന അങ്കമാലി ഭദ്രാസന ദേവാലയം സിസ്റ്റേഴ്സിന്റെ പ്രത്യേക താൽപര്യത്തിൽ അങ്കമാലി പള്ളിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നവീകരണ പ്രവർത്തനം നടത്തി 1930 ൽ വീണ്ടും വിശുദ്ധ കുർബാന ആരംഭിക്കുവാൻ സാധിച്ചത് വലിയ മഠത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്.

വിമോചന സമരകാലത്ത് പരുക്ക് പറ്റിയവർക്കു വേണ്ട സഹായങ്ങൾ നൽകിയതും പട്ടിണിയുടെ കാലത്ത് അങ്കമാലിക്കാർ വിഷമിക്കുമ്പോൾ സഹായങ്ങൾ നൽകിയതും അങ്കമാലിക്കാരുടെ ഇടയിൽ വലിയ മഠത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ഇപ്പോൾ 39 സിസ്റ്റേഴ്സ് ആണ് അങ്കമാലി വലിയ മഠത്തിൽ സേവനം ചെയ്യുന്നത്. ആതുര ശുശ്രൂഷ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ മഠത്തിലെ സിസ്റ്റേഴ്സ് വ്യാപൃതരാണ്.

അങ്കമാലി എൽ എഫ് ആശുപത്രി, എറണാകുളം ലിസി ആശുപത്രി,പെരുമ്പാവൂർ സാൻജോ ആശുപത്രി എന്നിവിടങ്ങളിലും ആലുവയിൽ സിസ്റ്റേഴ്സ് നടത്തുന്ന ഹോമിയോ . ക്ലിനിക്കിലും ഇവിടുത്തെ സിസ്റ്റേഴ്സ് ജോലി ചെയ്യുന്നുണ്ട്. അങ്കമാലിയിലെ ഹോളി ഫാമിലി ഹൈസ്‌കൂളും എൽ പി സ്‌കൂളും എഫ് സി സി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ളതാണ് .സിസ്റ്റർ ലിസ മേരിയാണ് ഇപ്പോഴത്തെ വലിയ മഠത്തിലെ മദർ.