അങ്കമാലി നഗരസഭയിൽ പ്രതിപക്ഷം കൗൺസിൽ ബഹിഷ്‌ക്കരിച്ചു

 
അങ്കമാലി: അങ്കമാലി നഗരസഭയിൽ യുഡിഎഫ് കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു. ജനങ്ങൾ നേരിടുന്ന അടിയന്തര പ്രശ്‌നങ്ങളെപ്പറ്റി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാകാതെ, കൗൺസിലിൽ അജൻഡ വായിക്കുകപ്പോലും ചെയ്യാതെ എല്ലാ അജൻഡയും പാസായെന്ന് പ്രഖ്യാപിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അഴിമതി മറച്ചുവയ്ക്കാനാണ് ചർച്ചയ്ക്ക് ഒരുങ്ങാതെ യോഗം പിരിച്ചുവിട്ടതെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരസഭ പ്രദേശത്തെ തെരുവുവിളക്കുകൾ മാസങ്ങളായി തെളിയുന്നില്ല. അറ്റകുറ്റപ്പണി നിർത്തി വെച്ചിരിക്കുകയാണ്. വാർഷിക കരാർ ഏറ്റെടുത്തിട്ടുള്ളവരുമായി ഭരണസമിതിയ്ക്കുള്ള ഭിന്നതയും കരാർ തുക നൽകാത്തതുമാണ് അറ്റകുറ്റപണി നിർത്തിവയ്ക്കാൻ കാരണം.

മഴക്കാലം ആരംഭിച്ചതിനാൽ വഴിവിളക്ക് തെളിയാത്തത് കാൽനടയാത്രക്കാർക്ക് വൻ ദുരിതമാകും.മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാൽ കാനകളിലും ഓടകളിലും മാലിന്യം നിറഞ്ഞു കിടക്കുകയാണ്. മഴ പെയ്യുമ്പോൾ മാലിന്യം റോഡിലൂടെ ഒഴുകുന്നത് പതിവായി.

ജനുവരി,ഫെബ്രുവരി മാസങ്ങളിൽ ആരംഭിക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാത്തത് ഭരണസമിതിയുടെ അനാസ്ഥയാണെന്നും പ്രതിപക്ഷ അംഗങ്ങളായ റീത്ത പോൾ, ടി.ടി.ദേവസ്സിക്കുട്ടി,റെജിമാത്യു, ബാസ്റ്റിൻ ഡി. പാറയ്ക്കൽ,സാജി ജോസഫ്, കെ.ആർ സുബ്രൻ, എം.എ.സുലോചന , ബിനി ബി.നായർ, ഷെൻസി ജിൻസൺ,വിൽസൺ മുണ്ടാടൻ,വർഗീസ് വെമ്പിളിയത്ത് എന്നിവർ ആരോപിച്ചു.