സിപിഎം നേതൃത്വം നൽകുന്ന പരിപാടിയിൽ ദേവൻ : പാർട്ടിക്കുളളിൽ പ്രതിഷേധം പുകയുന്നു 

കാലടി:സിപിഎം ഭരിക്കുന്ന കാലടി പഞ്ചായത്തും,ഫാർമേഴ്‌സ് ബാങ്കും സംയുക്തമായി നടത്തുന്ന നെൽകൃഷി നടീൽ ഉദ്ഘാടനം ചെയ്യാൻ സിനിമാ നടൻ ദേവനെ കൊണ്ടുവരുന്നതിൻ സിപിഎമ്മിനകത്തുതന്നെ പ്രതിഷേധം ശക്തമാകുന്നു.ബിജെപിയോട് ചേർന്നു നിൽക്കുന്ന ദേവനെ നടീൽ ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവരുന്നതിലാണ് പാർട്ടിയിൽ പ്രതിഷേധം ഉയർന്നു വന്നിരിക്കുന്നത്.

പിരാരൂർ വരിക്കപ്പാടത്താണ് കൃഷിയിറക്കുന്നത്.മെയ് 4 വെളളിയാഴ്ച്ച രാവിലെ 8.30 നാണ് പരിപാടി നടക്കുന്നത്.ദേവനെകൂടാതെ മുൻമന്ത്രി അഡ്വ:ജോസ് തെറ്റയിൽ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ തുളസി,ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റുളളവർ.ദേവന്റെ പടം വച്ച് പ്രചരണവും അരംഭിച്ചു കഴിഞ്ഞു.

സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കാലടിയിൽ നടന്ന ശങ്കരജയന്തി ദിനത്തിൽ മുഖ്യാതിഥി ദേവനായിരുന്നു.സന്യാസിമാർ ഉൽപ്പെടെ നിരവധി പേർ പങ്കെടുത്ത പരിക്രമണ ഉദ്ഘാടനം ചെയ്തതും ദേവനായിരുന്നു.ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തയാളെ എന്തിനാണ് സിപിഎം നേതൃത്വം നൽകുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതെന്ന് പാർട്ടിക്കാരും ചോദിക്കുന്നു.

ജില്ലയിൽ സിപിഎം നേതൃത്വം നൽകുന്ന കൃഷി ഉൾപ്പെടെയുളള പരിപാടികളിൽ മുൻ എംപിയും ജില്ലാ സെക്രട്ടറിയുമായ പി രാജീവായിരിക്കും ഉദ്ഘാടകനും,മുഖ്യ അതിഥിയും.എന്നാൽ ഇവിടെ രാജീവിന്റെ പേരുപോലും പരിപാടിയിൽ വച്ചിട്ടില്ല.ഇത് പാർട്ടിക്കുളളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്.പാർട്ടിയിൽ വേണ്ടരൂപത്തിൽ ചർച്ച നടത്താതെയാണ് ദേവനെ കൊണ്ടുവന്നതെന്ന് പാർട്ടി അംഗങ്ങളും പറയുന്നു.