കാലടിയിലും വേണം പാർക്ക്

 

കാലടി: അങ്കമാലിയിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തപ്പോൾ തൊട്ടടുത്ത കാലടി പഞ്ചായത്തിൽ പാർക്കിനായി പണം അനുവദിച്ചെങ്കിലും നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. കാലടി പാലത്തിന്‍റെ നിർമാണം പോലെ അനിശ്ചിതമായിക്കിടക്കുകയാണ് ഈ പദ്ധതി.

ജോസ് തെറ്റയിൽ എംഎൽഎ ആയിരുന്നപ്പോൾ 2015 ഡിസംബറിലാണ് കാലടിയിൽ പാർക്കിനായി തുടക്കം വച്ചത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരുന്നത്. ശ്രീശങ്കര പാലത്തിനു താഴെ വെട്ടുവഴി കടവിനടുത്ത് റവന്യു പുറമ്പോക്കിൽ പാർക്ക് നിർമിക്കാനായിരുന്നു പദ്ധതി.

kalady-parak-2പാർക്കും വഴിയോര വിശ്രമ കേന്ദ്രവും ഉദ്യാനവും ഇതോടപ്പം ഉണ്ടാകും. എന്നാൽ ബിജെപി പദ്ധതിക്ക് എതിർപ്പുമായി രംഗത്തുവന്നു. കാലടിയിൽ സമാന്തരപാലം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പറഞ്ഞ് അന്ന് ബിജെപി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി.

പെരിയാറിന്‍റെ തീരത്ത് രണ്ട് നിലകളിലായി കെട്ടിടം, 15 അടി വീതിയിലുള്ള റോഡ്, നടപ്പാത, എടിഎം സെന്‍റർ, കോഫി ഷോപ്പ്, അയ്യപ്പഭക്തർക്ക് വിരിയ്ക്കാനുള്ള സൗകര്യം, ശുചിമുറി , കുളിപ്പുര, 40 അടിയുള്ള ഒരു തൂക്കുപാലവും കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും പെരിയാറിന്‍റെ മനോഹാരിത ആസ്വദിക്കുന്നതിനുമായി ഡെക്കും അടങ്ങുന്നതായിരുന്നു പദ്ധതി.

നാട്ടുകാരുടെ ഏറെ നാളെത്തെ ആവശ്യങ്ങൾക്കൊടി വിലാണ് പദ്ധതിക്കായി തുക അനുവദിച്ചതും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ ‘ആശ്വാസ് പബ്ലൂക് അമിനിറ്റീസ് കേരള ലിമിറ്റഡ് പദ്ധതി നടപ്പാക്കും എന്നായിരുന്നു തീരുമാനം. പിന്നീട് മാണിക്കമംഗലം തുറക്ക് സമീപം പദ്ധതി നടപ്പാക്കാമെന്ന ചർച്ച വന്നെങ്കിലും അതും ഉപേക്ഷിച്ച നിലയിലാണ്.

അന്താരാഷ്ട്ര പ്രധാന്യമുള്ള സ്ഥലമാണ് കാലടി. ഒരു ക്ഷേത്ര നഗരത്തിന്‍റെ സ്വഭാവവും കാലടിക്കുണ്ട്. സംസ്കൃത സർവ്വകലാശാല, ഹിന്ദു -ക്രിസ്ത്യൻ തീർഥാടന കേന്ദ്രങ്ങൾ, ഉന്നതമായ സാംസ്കാരിക പശ്ചാത്തലം , പെരിയാറിന്‍റെ സാന്നിധ്യം എന്നിങ്ങനെ സ്വാഭാവിക സൗകര്യങ്ങളും അനുകൂലമാണ്. അങ്കമാലിയിൽ പാർക്ക് നിർമിച്ചതോടെ കാലടിയിലും പാർക്ക് നിർമിക്കണമെന്ന ആവശ്യം വീണ്ടും സജീവമായി.