ഇ-പോസ് പ്രവർത്തിക്കുന്നില്ല; ജനങ്ങൾ ദുരിതത്തിൽ

 

കാലടി: റേഷൻ കടകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇ-പോസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇ-പോസ് വഴിയാണ് കാർഡുടമകൾക്ക് അർഹമായ ധാന്യങ്ങളും മറ്റു റേഷൻ സാധനങ്ങളുംലഭിക്കുന്നത്. ഈ പോസ് നിശ്ചലമായതോടെ റേഷൻ കടകൾ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്.

കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം, മലയാറ്റൂർ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. ഗ്രാമപ്രദേശങ്ങളിലുളളവരാണ് എറെ ദുരിതത്തിലായിരിക്കുന്നത്.ജോലികഴിഞ്ഞാണ് പലരും റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാൻ ചെല്ലുന്നത്.ഏറെ നേരം കാത്തിരുന്നിട്ടും സാധനങ്ങൾ വാങ്ങാൻ കഴിയാതെ മടങ്ങുകയാണ്.

കാർഡുടമയുടെ വിരലടയാളമാണ് ഇ-പോസിൽ കാർഡുടമയെ തിരിച്ചറിയാൻ രേഖപ്പെടുത്തിയിരിക്കുന്നത്.പലപ്പോഴും വിരലടയാളം മെഷീൻ തിരിച്ചറിയുന്നില്ല.ആധാർ നമ്പറോ മൊമ്പൈൽ നമ്പറോ രേഖപ്പെടുത്തി ഒടിപി നമ്പർ ലഭിച്ചാൽ മാത്രമാണ് കാർഡുടമയ്ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയു. കാർഡുടമയല്ലാതെ മറ്റാരു ചെന്നാലും സാധനങ്ങൾ വാങ്ങാൻ ലഭിക്കില്ല.

പലദിവസങ്ങളിലും സെർവർ തകരാറിലായിരിക്കുമെന്ന് കടയുടമകളും പറയുന്നു പലപ്പോഴും ഉപഭോക്താക്കളുമായി വാക്കേറ്റം വരെ ഉണ്ടാകാറുണ്ട്. ഇ-പോസ് സംവിധാനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് റേഷൻ കടയുടമകൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാരിലേക്ക് പരാതി നൽകുമെന്ന് ഓൾ കേളര റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആലുവ താലൂക്ക് വർക്കിങ്ങ് പ്രസിഡന്‍റ് ഇ.വി. വിജയകുമാർ പറഞ്ഞു