വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; ഫയർ ആന്‍റ് റസ്ക്യൂ ടീം രക്ഷകരായി

 

നെടുമ്പാശ്ശേരി: പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. തടിക്കൽ കടവ് പാലത്തിനു സമീപം തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. പത്തോളം സ്കൂൾ വിദ്യാർഥികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടിയ വിദ്യാർഥികൾ കരയിൽ നിന്നും 60 മീറ്ററോളം അകലെയുള്ള സേഫ്റ്റി കാലിലേക്ക് നീന്തുകയായിരുന്നു.

ഇതിനിടെ 12 വയസുള്ള കുട്ടിയാണ് ഒഴുക്കിൽപ്പെട്ടത്. ഈ സമയം ഇവിടെ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഫയർ ആന്‍റ് റസ്ക്യൂ ടീമിലെ അംഗങ്ങളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

തെക്കെ അടുവാശ്ശേരി കോഴിക്കൽ വീട്ടിൽ ശ്രീധരന്‍റെ മകൻ അഭിജിത്താണ് ഒഴുക്കിൽപ്പെട്ടത്. ഫയർ ആന്‍റ് റസ്ക്യു അസി. സ്റ്റേഷൻ ഓഫീസർ എ.ടി. ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയുടെ രക്ഷക്കെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഫയർ ആന്‍റ് റസ്ക്യൂ ടീം തടിക്കൽ കടവിൽ പരിശീലനം നടത്തി വരികയാണ്.

ടീമിലെ സിവിൽ ഓഫീസർ സി.പി.അഭിലാഷാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്ന അഭിജിത്തിനെ നീന്തി ചെന്ന് വെള്ളത്തിൽ നിന്നും ഉയർത്തിയെടുത്തത്. ഉടൻ തന്നെ മറ്റംഗങ്ങൾ സ്പീഡ് ബോട്ടിൽ ഇവർക്കടുത്തെത്തി ഇരുവരെയും കരയിൽ എത്തിക്കുകയായിരുന്നു.