കാഞ്ഞൂർ പഞ്ചായത്തിൽ കഞ്ചാവ് വിൽപ്പന വ്യാപകം

 
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പനയും, ഉപയോഗവും വ്യാപകമാകുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പുഴ തീരങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് ലോപികളുടെ പ്രവർത്തന്നങ്ങൾ നടക്കുന്നത്.

ശനിയാഴ്ച്ച നമ്പിള്ളി ലിഫ്റ്റ് ഇറിഗേഷന് സമീപത്ത് നിന്നും കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന 4 പേരെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഒരാളുടെ കൈവശം കഠാരയും ഉണ്ടായിരുന്നു.കഞ്ചാവ് ഇവിടെ എത്തിക്കുന്ന മുഖ്യകണ്ണികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു പ്രദേശം.

വിദ്യാർത്ഥികളടക്കും നിരവധി പേരാണ് കഞ്ചാവിന് അടിമപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം.ദൂരെ സ്ഥലങ്ങളിൽ നിന്നും ഇവിടെ ആളുകൾ എത്തുന്നുണ്ട്. മകൻ കഞ്ചാവിന് അടിമയാണെന്നും മകനെ രക്ഷിക്കണം എന്ന് കഴിഞ്ഞ ദിവസം ഒരു രക്ഷിതാവ് കാലടി പോലീസ് സ്‌റ്റേഷനിൽ വന്ന് പറയുകയും ചെയ്തിരുന്നു.

മദ്യം കഴിച്ചാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും. എന്നാൽ കഞ്ചാവ് ഉപയോഗിച്ചാൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്തതാണ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവിന്റെ ഉപയോഗം വർദ്ധിക്കാൻ കാരണം. വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ ബോധവത്ക്കരണം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.