പൊലീസിന് പുല്ലുവില: അങ്കമാലി റെയിൽവേ സ്റ്റേഷൻ റോഡിൽ പാർക്കിംഗ് ശല്യം രൂക്ഷം

 

അങ്കമാലി : അങ്കമാലി റെയിൽവേ സ്റ്റേഷൻ റോഡിൽ ഇരുചക്ര വാഹനങ്ങളുടെ അശാസ്ത്രീയമായ പാർക്കിംഗ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നു. ദേശീയ പാതയിൽനിന്നുമുള്ള റെയിൽവേ സ്റ്റേഷൻ റോഡിന്റെ ആരംഭം മുതൽ റെയിൽവേ സ്റ്റേഷൻ വരെ നൂറു മീറ്റർ ദൂരത്തിൽ ഇരു വശത്തും ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.

സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കു ഇറങ്ങുന്ന വഴി ആയതിനാൽ റോഡിൽ ഇപ്പോഴും തിരക്കുമുണ്ട്.കാൽ നടയാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. നടപ്പാത ഇല്ലാത്തതിനാലും റോഡരികിൽ വാഹനങ്ങളുടെ പാർക്കിംഗ് ശല്യം ഉള്ളതിനാലും യാത്രക്കാർ റോഡിലൂടെയാണ് ഇറങ്ങി നടക്കുന്നത്. ഇത് വൻ അപകടസാധ്യതയാണെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും റോഡരികിലെ പാർക്കിംഗ് അവസാനിപ്പിക്കാൻ അധികൃതർ ഒന്നും ചെയ്തിട്ടില്ല.

റോഡിൽ പല ഭാഗത്തായി 5 സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്ന് പോലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെകിലും ബോർഡുകളുടെ അടിയിൽ ഉൾപ്പെടെ നിരനിരയായി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ട്രെയിനിൽ എറണാകുളം ,തൃശൂർ ഭാഗത്തേക്ക് പോകുന്നവരാണ് ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അവരോടു മാറ്റി പാർക്ക് ചെയ്യുവാൻ കാൽനട യാത്രക്കാർ പറഞ്ഞെങ്കിലും പാർക്ക് ചെയ്യാൻ വേറെ സ്ഥലമില്ലെന്നാണ് മറുപടി പറയുന്നത്.

റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ട് വളരെ ചെറുതായതിനാൽ വളരെ കുറച്ചു വാഹനങ്ങൾ മാത്രമേ അതിൽ പാർക്ക് ചെയ്യുവാൻ പറ്റുകയുള്ളൂ.പുറത്തുള്ള പണം കൊടുത്ത് പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം രാവിലെ തന്നെ കാറുകളും ബൈക്കുകളും നിറയുകയും ചെയ്യും. പതിനായിരത്തോളം സീസൺ ടിക്കറ്റുകാർ മാത്രം അങ്കമാലിയിൽ നിന്നും ദിവസേന ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നുണ്ട്.

റെയിൽവേ സ്റ്റേഷൻ റോഡ് 4 മാസം മുൻപാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണിട്ട് ഉയർത്തി കാൽനട യാത്രക്കാർക്കുവേണ്ടി നടപ്പാത നിര്മിക്കുവാനും മറ്റു സൗന്ദര്യ വൽക്കരണം നടത്തുവാനായി ഫണ്ട് അനുവദിച്ചത് . എന്നാൽ റോഡ് പണി മാത്രമേ പൂർത്തിയാക്കിയുള്ളൂ. നടപ്പാതനിർമാണത്തിനുവേണ്ടി അവിടെയുണ്ടായിരുന്ന തട്ടുകടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടപ്പാതയിൽ മുഴുവൻ കാട് പിടിച്ചിരിക്കുകയാണ്.

മോർണിങ് സ്റ്റാർ കോളേജ്, ഡിസ്റ് കോളജ് , ഡിപോൾ സ്‌കൂൾ, എം ജി യൂണിവേഴ്സിറ്റി ഓഫ് ക്യാംപസ് എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കം സ്വകാര്യ ബസ് യാത്രക്കാരും , ട്രെയിൻ യാത്രക്കാരും ഉൾപ്പെടെയുള്ള യാത്രക്കാരും ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കുവേണ്ടി റോഡരികിലെ പാർക്കിംഗ് ഒഴിവാക്കി നടപ്പാത നിർമിച്ചു നൽകിയില്ലെങ്കിൽ വൻ ദുരന്ത മുണ്ടാകുമെന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും മുന്നറിയിപ്പ് നൽകി.