സുവർണ ജൂബിലി നിറവിൽ പാറപ്പുറം വൈഎംഎ ലൈബ്രറി

 
കാഞ്ഞൂർ: കാഞ്ഞൂർ പാറപ്പുറത്തുള്ള അക്ഷരവെളിച്ചം യങ്ങ് മെൻ അസോസിയേഷൻ (വൈഎംഎ) ലൈബ്രറി സുവർണ ജൂബിലിയുടെ നിറവിൽ. പാറപ്പുറം പ്രദേശത്തെ സാധാരണക്കാരെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രസ്ഥാനമാണ് വൈഎംഎ ലൈബ്രറി. പാറപ്പുറത്തെ അന്നത്തെ ചെറുപ്പക്കാരായ 15 പേരുടെ കൂട്ടായ്മയിലാണ് ലൈബ്രറിയുടെ തുടക്കം.

1969 മാർച്ച് 9 ന് സാഹിത്യകാരൻ എസ്.കെ. മാരാരാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചെറിയൊരു കെട്ടിടത്തിലായിരുന്നു തുടക്കം. 12 രൂപയായിരുന്നു മാസവാടക. അക്കാലത്ത് നിരവധി ചർച്ചകളും, സംവാദങ്ങളും ലൈബ്രറി കേന്ദ്രീകരിച്ച് നടന്നിരുന്നു.

വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും, സാഹിത്യകാരൻമാരും ലൈബ്രറിയിലെ സന്ദർശകരായിരുന്നു. പി.എൻ. പണിക്കർ, എ.പി. കുര്യൻ, എം.എൻ. കുറുപ്പ്, എം.കെ. സാനുമാഷ്, ലോനപ്പൻ നമ്പാടൻ തുടങ്ങിയവരെല്ലാം ഇവിടെ വന്നുപോയവരാണ്. നാടിന്‍റെ വിദ്യാഭ്യാസ സാംസ്‌ക്കാരിക വളർച്ചയ്ക്ക് ഈ സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണ്.

yma-2വിദ്യാലയങ്ങൾക്ക് അപ്പുറമുളള വിശാലമായ അറിവിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, കലാ കായിക സാഹിത്യ മേഖലകളെ പരിപോഷിപ്പിക്കുന്നതിനും ഇക്കാലയളവിൽ ബൈബ്രറി ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്. ഇന്ന് ഏഴ് സെന്‍റ് സ്ഥലവും ഒരു കെട്ടിടവും ലൈബ്രറിക്ക് സ്വന്തമായുണ്ട്. പല വിഭാഗങ്ങളിലായി ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന പതിനയ്യായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുളളത്.

ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. കാലടി സംസ്‌കൃതസർവ്വകലാശാലവൈസ് ചാൻസിലർ ഡോ.ധർമ്മരാജ് അടാട്ട് സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.പി. യുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സുവർണ്ണ ജൂബിലി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ഇന്നസെന്‍റ് എം.പി. നിർവ്വഹിക്കും.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനം, സെമിനാറുകൾ, വിദ്യാഭ്യാസ സമ്മേളനം, കലാപരിപാടികൾ, ചലച്ചിത്രോത്സവം, വനിതാ- ബാലസംഗമം, വയോജനസദസ്സ്, കലാ-കായികമത്സരങ്ങൾ, പ്രതിഭകൾക്ക് അനുമോദനം, സ്മരണിക പ്രകാശനം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങുകളിൽ സാഹിത്യ – സാംസ്‌കാരിക – വിദ്യാഭ്യാസരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.