കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാങ്ങാത്തോട് നാശത്തിന്റെ വക്കിൽ

 

കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലാശയമായ മാങ്ങാത്തോട് നാശത്തിന്റെ വക്കിൽ.പെരിയാറിൽ കാഞ്ഞൂർ പള്ളിക്കടവിൽ നിന്നും ആരംഭിക്കുന്ന മാങ്ങാത്തോട് കാഞ്ഞൂർ തട്ടാൻപടി ശ്രീഭൂതപുരം ചുറ്റി വീണ്ടും പെരിയാറിൽ എത്തുന്നു. ഏകദേശം 10 കി.മീറ്റർ നീളവും 32 കി.മീ വീതിയുമുള്ള ഒരു കൈവഴിയാണ്.

തോടിന്റെ പലഭാഗും സ്വകാര്യ വ്യക്തികൾ കൈയേറിയിരിക്കുകയാണ്.അശാസ്ത്രീയമായ റോഡും കലുങ്കും നിർമ്മാണം തോടിന്റെ പല ഭാഗങ്ങളിൾ നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുകയാണ്. തോടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ അധികൃതർക്ക് പല നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

തോട്ടിൽ നീരൊഴുക്കില്ലാതെ വെള്ളം കെട്ടിനിൽക്കുന്നതു മൂലം ദുർഗന്ധവും വെള്ളത്തിൽ ഇറങ്ങിയാൽ ചൊറിച്ചിലും അനുഭവപ്പെടുകയാണ്. മാങ്ങാത്തോടിലെ വെളളമാണ് സമീപപ്രദേശത്തെ കിണറുകളിൽ ഒറവയായി എത്തുന്നത്. ഇതുമൂലം കിണറുകളിലെ വെള്ളത്തിനു നിറവ്യത്യാസവും, വെള്ളതിനുമുകളിൽ പാടകളും കെട്ടികിടക്കുന്നു.

ഇക്കോളിൽ ബാക്ടീരിയകളുടെയും, ഇരുമ്പിന്റെ അംശവും കാണപ്പെടുന്നു. കഴിഞ്ഞ കാലങ്ങളിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങൾ കൂടുതലായും ഈ തോടിന്റെ സമീപം താമസിക്കുന്നവർക്കായിരുന്നു. രൂക്ഷമായ കൊതുകുകളുടെ ശല്യവുമാണ്.

കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന് ബിജെപി കാഞ്ഞൂർ പഞ്ചായത്തുകമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പരിഹാരമെന്നോണം പെരിയാറിൽ കാഞ്ഞൂർ പള്ളിക്കടവിൽ തടയണ നിർമ്മിച്ചാൽ മാങ്ങാതോട്ടിലും ചെങ്ങൽ തോട്ടിലും നീരൊഴുക്ക് വർദ്ധിക്കും. ഇത് 4 പഞ്ചായത്തുകളായ കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളിൽ കൃഷിക്കും, കിണറുകളിൽ വേണ്ടവെള്ളവും ലഭിക്കും.

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം, ചിറങ്ങര ചിറ, ചെങ്ങൽതോട്, മാങ്ങാതോട്, അല്ലിങ്ങതോട് തുടങ്ങിയ ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കാഞ്ഞൂർ പഞ്ചായത്തുകമ്മിറ്റി ജീവജലം തരു – ദാഹജലം തരൂ എന്ന മുദ്രവാക്യവുമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ പഞ്ചായത്തിലുടനീളം സഞ്ചരിച്ച് വമ്പിച്ച ഒപ്പുശേഖരണം നടത്തുമെന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എൻ. അശോകനും, വൈസ് പ്രസിഡന്റ് അജയൻ പറക്കാട്ടും പറഞ്ഞു.