ചെങ്ങമനാട് വീടിനു തീ പിടിച്ചു

 

നെടുമ്പാശേരി: ചെങ്ങമനാട് വീടിനു തീ പിടിച്ചു.ആളപായമില്ല.ചെങ്ങമനാട് ചുള്ളിക്കാട്ട് പുത്തൻവീട്ടിൽ അഡ്വ. ഗോപകുമാറിന്‍റെ വീടിനാണ് പുലർച്ചെ 2 മണിയോടെ തീ പിടിച്ചത്.സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഈ സമയം വീടിന്‍റെ തെക്ക് ഭാഗത്തെ മേല്‍ക്കൂരയിലും,ജനലുകളിലും തീ പടര്‍ന്ന് പിടിച്ചിരുന്നു. മുറിക്കകത്തെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, വിലപിടിപ്പുള്ള മറ്റ് സാധനങ്ങളടക്കം കത്തി നശിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അങ്കമാലി അഗ്നി സുരക്ഷ കേന്ദ്രത്തിലെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. എന്നാൽ തീ പിടുത്തം ഉണ്ടായ വീടിനടുത്തേത്ത് അഗ്നിക്ഷാ വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നത് തീയണക്കാൻ വൈകി. അഗ്നി സുരക്ഷ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് അടുത്ത വീടുകളിൽ നിന്നും വെള്ളം എത്തിച്ചാണ് തീ അണച്ചത്.

ഉദ്ദേശം 100 വർഷത്തോളം പഴക്കമുള്ള വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ നിന്നുമുള്ള ഷോർട് സർക്യുട്ടാണ് കാരണമെന്നാണ് നിഗമനം. നാല് ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് കണക്കാക്കുന്നു.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എന്‍.സുബ്രമണ്യന്‍, ലീഡിങ്ങ് ഫയര്‍മാന്‍ എസ്. വിനു. ഫയര്‍മാന്‍മാരായ സി.ആര്‍.രതീഷ്, റെജി എസ്.വാര്യര്‍, കെ.എന്‍.മുത്ത്കുട്ടി, മുഹമ്മദ് ഷബീര്‍, ഡ്രൈവര്‍മാരായ എം.എസ്. റാഫി, സി.ജി.സിദ്ധാര്‍ഥന്‍, ഹോം ഗാര്‍ഡ്മാരായ ചന്ദ്രമോഹന്‍, ശശിധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.