നോട്ടുകളിലും തെറ്റ് : ശേഖരവുമായി ഷൈജു

 

അങ്കമാലി : ഒരു തെറ്റ് റിസർവ് ബാങ്കിനും പറ്റും. അപൂർവമായെണെങ്കിലും ഇത്തരത്തിൽ അച്ചടി തെറ്റ് വരുന്ന നോട്ടുകൾ കൗതുകമുണർത്തുന്നതാണ്. പുതിയ 500 രൂപ നോട്ടിൽ ചെങ്കോട്ടയുടെ മുകളിലെ ദേശീയ പതാകയാണ് വിട്ടുപോയിരിക്കുന്നത്.

കറന്‍സി നോട്ടുകളുടെ അച്ചടിയിലും നിര്‍മ്മാണത്തിലും റിസര്‍വ്വ് ബാങ്കിന് ഏറ്റവും വലിയ തെറ്റ് പറ്റിയത് 1977 ലാണ്. ആദ്യമായി അച്ചടിച്ച 50 രൂപ നോട്ടില്‍ ഒരു വശത്ത് ഇന്‍ഡ്യന്‍ പാര്‍ലമെന്‍റിന്‍റെ ചിത്രമാണുണ്ടായിരുന്നത്. ഇതില്‍ പാര്‍ലമെന്‍റിന് മുകളില്‍ ദേശീയപതാക ഇല്ലാത്ത ചിത്രമാണ് ഈ കറന്‍സി നോട്ടില്‍ ഉണ്ടായിരുന്നത്. നോട്ട് ഉടനെ പിന്‍വലിച്ചിരുന്നു. ഈ നോട്ടിലും ഇപ്പോള്‍ തെറ്റ് പറ്റിയിരിക്കുകയാണ്.

shiju-money-moneyകഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയതും നിലവില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ളതുമായ 50 രൂപ നോട്ടുകളിലൊന്നില്‍ പാര്‍ലമെന്‍റിന്‍റെ ചിത്രം തന്നെ ഇല്ലാതെയാണ് നോട്ട് സര്‍ക്കുലേഷനില്‍ വന്നിരിക്കുന്നത്. അച്ചടി നിര്‍മാണ തകരാറുള്ള കറന്‍സി നോട്ടുകള്‍ ശേഖരിക്കുന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പി.ആര്‍.ഒ. ഷൈജു കുടിയിരിപ്പിലിന്‍റെ അപൂര്‍വ്വ ശേഖരത്തിലാണ് ഈ നോട്ട് എത്തിയിട്ടുള്ളത്.

ഒരു രൂപ മുതല്‍ 2000 രൂപവരെയുള്ള നോട്ടുകളില്‍ തകരാര്‍ പറ്റിയവയാണ് ഷൈജുവിന്‍റെ ശേഖരത്തിലുള്ളത്. പുതുതായി ഇറങ്ങിയ 10, 50, 200 രൂപ നോട്ടുകളില്‍ തകരാര്‍ പറ്റിയവയും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

കറന്‍സി നോട്ടുകളുടെ നിര്‍മ്മാണത്തിനുശേഷം കര്‍ശനമായ പരിശോധനകള്‍ക്കൊടുവിലാണ് നോട്ട് വിതരണത്തിനായി പുറത്ത് വിടുന്നത്. ഈ ഘട്ടത്തില്‍ കണ്ടെത്തുന്ന തെറ്റ് പിണഞ്ഞവ നശിപ്പിച്ച് പകരം നോട്ട് നിര്‍മ്മിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ചെയ്യുന്നത്.

അങ്ങനെ അപൂര്‍വ്വമായി മാത്രം വിതരണത്തിന് എത്താറുള്ള തെറ്റ് പറ്റിയ കറന്‍സി നോട്ടുകളാണ് ഷൈജു ശേഖരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം, ഇന്ത്യയിലെ പ്രമുഖ ന്യുമിസ്മാറ്റിക്സ് സൊസൈറ്റികളിലെ അംഗത്വം എന്നിവയിലൂടെയാണ് ഷൈജു ഇത്തരം നോട്ടുകള്‍ ശേഖരിക്കുന്നത്.