ആദിശങ്കര എൻജിനീയറിംഗ് കോളേജിന് മികവിന്റെ അംഗീകാരം

 
കാലടി : ഇന്ത്യയിലെ മികച്ച എൻജിനീയറിംഗ് കോളേജുകൾക്ക് ലഭിക്കുന്ന നാഷ്ണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ആദിശങ്കര എൻജിനീയറിംഗ് കോളേജിന് ലഭിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം, മികച്ച വിജയശതമാനം, അദ്ധ്യാപകരുടേയും കോഴ്‌സുകളുടേയും ഗുണമേൻമ, തൊഴിൽ ലഭ്യത എന്നിവ പരിഗണിച്ചാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്.

നാല് കോഴ്‌സുകൾക്കാണ് അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്ക്‌സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നിവയാണ് കോഴ്‌സുകൾ. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻബിഎ അക്രഡിറ്റേഷൻ നൽകുന്നത്.

ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെയും, എൻജിനിയറിങ്ങ് സ്ഥാപനങ്ങളിലെയും മേധാവികൾ അടങ്ങുന്ന ഉന്നതതല സംഘം കോളജിൽ എത്തി പരിശോധന നടത്തിയാണ് അക്രഡിറ്റേഷൻ നൽകിയത്. ഫ്രെബ്രുവരി 16,17,18 തീയതികളിലായിരുന്നു പരിശോധന. കേരളത്തിൽ ചുരുക്കം ചില കോളജുകളിലെ കോഴ്‌സുകൾക്ക് മാത്രമാണ് എൻബിഎ ലഭിച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസത്തിനും വിദേശ രാജ്യങ്ങളിൽ ജോലി സാധ്യതയ്ക്കും എൻബിഎ അക്രഡിറ്റേഷനുള്ള കോഴ്‌സുകൾ പഠിച്ച വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുന്നത്.