അരുണ്‍ രാജിന്‍റെ അവയവങ്ങള്‍ ഏഴ് പേര്‍ക്ക് പുതുജീവനേകും ഹൃദയവും, വൃക്കകളും, കരളും കൈകളും, കണ്ണുകളും ദാനം ചെയ്തു.

 

അങ്കമാലി : റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി വേങ്ങൂര്‍ സ്വദേശി അരുണ്‍രാജിന്‍റെ (28) ന്‍റെ അവയവങ്ങള്‍ ഇനിയും ജീവിക്കും. വേര്‍പാടിന്‍റെ തീരാവേദനയ്ക്കിടയിലും മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് രാജന്‍ എടുത്ത തീരുമാനം ഏഴ്പേര്‍ക്കാണ് പുതുജീവന്‍റെ പ്രത്യാശ പകരുന്നത്.

കേരളത്തിൽ ഏറ്റവും അധികം അവയങ്ങൾ അവയങ്ങൾ ദാനം ചെയ്ത വ്യക്തികൂടി ആകും അരുൺ. ചൊവ്വാഴ്ച രാവിലെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് അരുണ്‍ രാജിന്‍റെ ഹൃദയവും, വൃക്കകളും, കണ്ണുകളും കൈകളും, കരളും എടുത്തത്. അനുയോജ്യമായ ഹൃദയം വയ്ക്കാന്‍ കേരളത്തില്‍ ആളില്ലാത്തതിനാല്‍, ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ഹൃദയത്തിനായി ഐസിയു വില്‍ കഴിയുന്ന പതിനെട്ടു വയസുകാരൻ പൊള്ളാച്ചി സ്വദേശി മനോജ്കുമാറിനാണ് ഹൃദയം വച്ച് പിടിപ്പിച്ചത്.

arun-raj-2പത്തനംതിട്ട ജില്ലയിലെ ചണ്ടനാപ്പിള്ളി സ്വദേശി ജോര്‍ജ്ജ് വര്‍ഗ്ഗീസ് (60) നാണ് കരൾ ലഭിച്ചത്. കാഞ്ഞിരപ്പിള്ളി കനകമല സ്വദേശി ജോബീസ് ഡേവീസ് (32) എറണാകുളം കുമാരപുരം സ്വദേശി അഖില്‍ മോഹന്‍ എന്നിവര്‍ക്കാണ് വൃക്കകള്‍ നല്‍കിയത്. നേത്രപടലത്തിന്‍റെ തകരാറുമൂലം ഇരുട്ടില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ കണ്ണുകള്‍ വച്ചപിടിപ്പിക്കും.

രണ്ട് കൈകളും വച്ച് പിടിപ്പിക്കുന്നത് തമിഴ്നാട് സ്വദേശി വീട്ടമ്മയായ ലിങ്ക സെല്‍വി (49) നാണ്. ഇവര്‍ ആറ് മാസമായി അമൃത ആശുപത്രിയില്‍ കൈകള്‍ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു.  രാവിലെ പത്ത് മണിക്കാണ് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഡോക്ടര്‍ മോഹനന്‍റെ നേതൃത്വത്തിലാണ് ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. 12 മണിയോടുകൂടി ശസ്ത്രക്രിയ പൂര്‍ത്തിയായി.

ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ കൈകളും എടുത്തു. തുടര്‍ന്ന് ഡോ. ബിനോജ്, ഡോ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ വൃക്കകളും. കരളും എടുത്തു. ലിറ്റിൽ ഫ്ളവര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജ്ജന്‍ ഡോ. അര്‍ജ്ജുന്‍ ചാക്കോ, കാര്‍ഡിയോളജി മേധാവി ഡോ.സ്റ്റിജി ജോസഫ്, ഡോ. എ. കെ. റഫീക്ക്, സര്‍ജ്ജറി വിഭാഗം മേജര്‍ ഡോ. രാജേഷ്, യൂറോളജിസ്റ്റ് ഡോ. ജോണ്‍ എബ്രഹാം, ഡോ. ജോസഫ് പോള്‍ എന്നിവരും ശസ്ത്രക്രിയകളില്‍ പങ്ക് ചേര്‍ന്നു.

ഏറ്റവും ഒടുവില്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിലെ വിദഗ്ദ സംഘത്തിന്‍റെ നേതൃത്വത്തില്‍ കണ്ണുകള്‍ എടുത്തു.ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലേയ്ക്ക് വിമാനമാര്‍ഗ്ഗം എത്തിക്കുന്നതിനായി അരുണിന്‍റെ ഹൃദയം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഉച്ചക്ക് 12.15 ന് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടുകൂടി പോകുവാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്ക് പുറപ്പെട്ടു.

ഒരു മണിയോടുകൂടി വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും ചെന്നൈയിലേയ്ക്കും. താമസിയാതെ ആരംഭിച്ച ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ 9 മണിയോടുകൂടി പൂര്‍ത്തിയായി. ഏറെ താമസിയാതെ അരുണിന്‍റെ ഹൃദയം മനോജ്കുമാറില്‍ സ്പന്ദിച്ച് തുടങ്ങി.

ഉച്ചയ്ക്ക് ഒന്നരയോടെ അരുണിന്‍റെ ഒരു വൃക്കയും കരളുമായി ആംബുലന്‍സ് അമൃത ആശുപത്രിയിലേയക്ക് പുറപ്പെട്ടു. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയകൾ ഏഴരമണിയോടെ പൂര്‍ത്തിയായി. വൃക്കകളും കരളും കൈകളും സ്വീകരിച്ചവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികാരികള്‍ അറിയിച്ചു.

നെടുമ്പാശ്ശേരിയ്ക്കടുത്ത് ഉണ്ടായ വാഹനപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഞായറാഴ്ച വൈകിട്ടോടെയാണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കാനിംഗിംല്‍ ഗുരുതരമായ രക്തസ്രാവവും പരിക്കും ഉണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്താനാവാത്ത വിധം പരിക്ക് അതീവ ഗുരുതരമായതിനാല്‍ അരുണിനെ വെന്‍റിലേറ്ററിലേയ്ക്ക് മാറ്റി.

തിങ്കളാഴ്ച ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ന്യൂറോ സര്‍ജന്‍ ഡോ. അര്‍ജുന്‍ ചാക്കോ, ഫാ. ജോണ്‍ കക്കാട്ട്, ഫാ. റെജു കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര ക്ലിനിക്ക് മീറ്റിംഗ് കൂടി. ഇതിനിടയില്‍ അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗ്രേയ്സി ടീച്ചറും സഹപ്രവര്‍ത്തകരും അവയവദാനത്തിന്‍റെ പ്രസക്തിയെക്കുറിച്ച് അരുണിന്‍റെ മാതാപിതാക്കളെ ധരിപ്പിച്ചു.

കേരളത്തിനു പുറത്ത് അവയവദാനം നടത്തുന്നതിന് വേണ്ട നടപടികൾ സർക്കാർ തലത്തിൽ വേഗത്തിൽ പൂർത്തിയാക്കി. തുടര്‍ന്ന് കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗിന്‍റെ അനുമതിക്കായി ചെയര്‍പേഴ്സണ്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുമായി ബന്ധപ്പെടുകയും അനുമതി വേഗത്തില്‍ ആക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സംസ്ഥനത്ത് അവയവദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെ. എന്‍. ഒ. എസ്. പ്രതിനിധികള്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തി.

തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടുകൂടി അവയവങ്ങള്‍ എടുക്കാന്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗിന്‍റെ അനുമതി ലഭിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ ന്യൂറോ സര്‍ജ്ജറി ഐ. സി. യു വില്‍ കഴിയുന്ന അരുണിനെ രാവിലെ പത്തിനാണ് തീയറ്ററിലേയ്ക്ക് മാറ്റിയത്. ഈ സമയം മുതല്‍ ഹൃദയവും, കരളും, കണ്ണുകളും, കൈകളും സ്വീകരിക്കുവാനുള്ളവരെ ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രി, കേരളത്തിലെ അമൃത ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ ഓപ്പറേഷന്‍ തീയറ്ററുകള്‍ സര്‍ജ്ജറിയ്ക്കായി സജ്ജമാക്കിയിരുന്നു.

അങ്കമാലി വേങ്ങൂർ അംബേദ്കർ കോളനിയിൽ ചേരാമ്പിള്ളി വീട്ടിൽ രാജൻ സീത ദമ്പതികളുടെ മൂത്തമകനാണ് അരുൺ. അരുണിന്‍റെ അമ്മയും അച്ഛനും കൂലിപ്പണിക്കാരാണ്. അനിയന്‍ അഖിൽ രാജ് സിംഗപൂരിലാണ്, സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന അരുണ്‍ നെടുമ്പാശ്ശേരി ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു.