കേരള ടീമിനും പരിശീലകർക്കും രാജകീയ സ്വീകരണം

 

നെടുമ്പാശേരി: പതിനാല് വർഷങ്ങൾക്ക് ശേഷം സന്തോഷ്‌ ട്രോഫി നേടി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തി തിരിച്ചെത്തിയ കേരള ടീമിനും പരിശീലകർക്കും തദ്ദേശ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ രാജകിയ സ്വീകരണം നൽകി.

കൽകത്തയിൽ നിന്നും ചെന്നയിൽ എത്തി അവിടെ നിന്ന് വിസ്താര വിമാനത്തിൽ വൈകിട്ട് നാല് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗങ്ങളെ താളമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്.

മന്ത്രി കെ.ടി. ജലീലിന് പുറമെ എംഎൽഎ മാരായ അൻവർസാദത്ത് ,പി.ടി. തോമസ് ,റോജി എം.ജോൺ,ഹൈബി ഈഡൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.എം.എ. മേത്തർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ടി.എം. സക്കീർ ഹുസൈൻ ജില്ലാ സ്‌പോർട്‌സ് ഓഫീസർ ജെ ആർ രാജേഷ് എന്നിവരും താരങ്ങളെ സ്വീകരിക്കാനെത്തി.

ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പുറമെ ടീമിലുളള അംഗങ്ങളുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങളും സ്വീകരിക്കുവാനെത്തിയിരുന്നു.

14 വർഷങ്ങൾക്കുശേഷം സന്തോഷ് ട്രോഫി തിരിച്ച് പിടിച്ച് കേരള ഫുട്‌ബോളിൻെറ അഭിമാനം ഉയർത്തിയ താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്നും ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആറിന് തിരുവനന്തപുരത്ത് പൗരസ്വീകരണമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.