അങ്കമാലിയിലും, കാലടിയിലും പോലീസ്‌ ക്വാർട്ടേഴ്‌സ് പരിഗണനയിൽ : റോജി എം ജോൺ എം.എൽ.എ 

അങ്കമാലി:അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലേയും സർക്കിൾ ഓഫിസുകളിലെയും പോലീസുകാർക്ക് താമസിക്കുന്നതിന് ഫ്‌ളാറ്റ്‌ രീതിയിൽ ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി റോജി എം ജോൺ എം.എൽ.എ.റോജി നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അങ്കമാലി മണ്ഡലത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇരുന്നൂറോളം പുരുഷ, വനിത ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം വാടക ഇനത്തിൽ ചിലവഴിക്കേണ്ടതായി വരുന്നത് പോലീസുകാർക്ക് വലിയ ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ്‌ക്വാർട്ടേഴ്‌സ് നിർമ്മിക്കണമെന്ന ആവശ്യം എം.എൽ.എ ഉന്നയിച്ചത്.

അങ്കമാലി, കാലടി, അയ്യമ്പുഴ പോലീസ് സ്റ്റേഷനുകളിൽ ക്വാർട്ടേഴ്‌സ് പണിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര റിപ്പോർട്ട് ലഭ്യമാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. തുടർന്ന് പ്ലാനും, എസ്റ്റിമേറ്റും സമർപ്പിക്കുവാൻ കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ (കെ.പി.എച്ച്.സി.സി) എം.ഡിയോട് ഡി.ജി.പി ആവശ്യപ്പെട്ടു.

നടപടികൾ വേഗത്തിലാക്കണമെന്നും പദ്ധതിയ്ക്ക് ഭരണാനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. റിപ്പോർട്ട് ലഭ്യമാക്കി തുടർ നടപടികൾ കൈക്കൊളളാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി  എം.എൽ.എ പറഞ്ഞു