മലയാറ്റൂരിലേക്കു വരു…ചീനവല കാണാം..ബോട്ടിങ്ങും നടത്താം…മീനും പിടിക്കാം…

 

മലയാറ്റൂർ:ചീന വല കാണാൻ കൊച്ചിക്ക് പോകണ്ട. ഉഗ്രൻ ചീനവല ഒന്ന് മലയാറ്റൂരിലുണ്ട്.മലയാറ്റൂർ മണപ്പാട്ടുചിറയിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ചീനവലയൊരുങ്ങി.ഇനി ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ചീനവലയിലൂടെ മീൻ പിടിക്കാം. ബോട്ടിൽ മണപ്പാട്ട് ചിറയിലൊന്ന് കറങ്ങി വരാം.

cheenavala-2കടുത്ത വേനലിലും ജല സമൃദ്ധമാണ് മണപ്പാട്ട് ചിറ. മലയടിവാരത്തിലെ വിശാലമായ ജലാശയം സഞ്ചാരികളുടെ ഉള്ളിൽ കുളിരണിയിക്കും.
മണപ്പാട്ടുചിറയിൽ ബോട്ട് സവാരി ലേലം വിളിച്ചിരിക്കുന്നവരാണ് ചീനവല സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 2 ലക്ഷം രൂപ ചെലവഴിച്ച് വൈപ്പിനിൽ നിന്നുമാണ് വല മലയാറ്റൂരിലെത്തിച്ചത്.

തീറ്റയിട്ട് മത്‌സ്യങ്ങളെ ചീനവലക്കുളളിലാക്കും. തുടർന്നാണ് വല പൊക്കുന്നത്. നിരവധി മത്‌സ്യങ്ങളാണ് ഇത്തരത്തിൽ വിനോദ സഞ്ചാരികൾക്ക് ലഭിക്കുന്നത്. 120 ഏക്കർ വിസ്തൃതിയുളള തടാകമാണ് മണപ്പാട്ടുചിറ. എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് മണപ്പാട്ടുചിറയിൽ എത്തുന്നത്.

ചിറയിൽ ബോട്ടുസവാരിയുമുണ്ട്. സ്പീഡ്‌ബോട്ട്, പെഡൽ ബോട്ട് എന്നിവയാണ് സർവീസിനായി ഉളളത്. സുരക്ഷാമനദണ്ഡങ്ങൾ പാലിച്ചാണ് ബോട്ട് സവാരി നടത്തുന്നത്. കൂടാതെ വൻ മത്‌സ്യസമ്പത്തും ചിറയിലുണ്ട്. സ്വകാര്യ വ്യക്തികളാണ് ചിറയിൽ മത്സ്യം വളർത്തുന്നത്. കട്‌ല, രോഹു, തിലാപ്പിയ, ഗോൽഡ് ഫിഷ് മൃഗാൾ തുടങ്ങിയ മത്‌സ്യങ്ങളാണ് ചിറയിലുളളത്. കടലിൽ കാണുന്ന കൊഴുവയും മണപ്പാട്ടുചിറയിലുണ്ട്. 10 മുതൽ 15 കിലോ വരെ തൂക്കമുളള മത്‌സ്യം വരെ ഇവിടെ നിന്നും ലഭിക്കാറുണ്ട്.

cheenavala-3വിനോദ സഞ്ചാരികൾക്കും മീൻ പിടിക്കാനുളള അവസരവും ഇവിടെയുണ്ട്. ലഭിക്കുന്ന മത്‌സ്യത്തിന്‍റെ പകുതി വിനോദ സഞ്ചാരികൾക്കും, പകുതി ചിറയിൽ മത്‌സ്യം നിക്ഷേപിച്ചവർക്കുമാണ്. മീൻ പിടിക്കാനുളള ചൂണ്ടയും, തീറ്റയും സമീപത്തെ കടകളിൽ നിന്നും ലഭിക്കും. ഇടമലയാർ കനാലിൽ നിന്നുമാണ് മണപ്പാട്ടുചിറയിലേക്ക് വെളളമെത്തുന്നത്.

മലയാറ്റൂർ കുരിശുമുടിയുടെ അടിവാരത്താണ് മണപ്പാട്ടുചിറ. മാലയാറ്റൂർ തീർഥാടനം നടക്കുന്നതിനാൽ ആയിരക്കണക്കിനുപേരാണ് മണപ്പാട്ടുചിറിയിലെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനു കൂടിയായി എത്തുന്നത്. പരീക്ഷ കഴിഞ്ഞ് വേനലധി തുടങ്ങിയതോടെ അവധിക്കാല വിനോദത്തിനും പറ്റിയ ഇടമാണ് ഇവിടം . ഏറെക്കാലം മുടങ്ങിക്കിടന്ന ബോട്ടിങ് പുനരാരംഭിച്ചതും ചീന വല സ്ഥാപിച്ചതും മലയാറ്റൂരിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാകും.