ചെരുപ്പുകടയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി

 

അങ്കമാലി : അങ്കമാലി ബാങ്ക് ജംക്ഷനിലുള്ള സിൽകോൺ ചെരുപ്പുകടയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ചേർത്തല വാരണാട് കിഴക്കേതിൽ ദാസ് മകൻ സനീഷ് കെ ദാസി (31) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി.

കഴിഞ്ഞ ഞായറാഴ്ചയാണ് അങ്കമാലി സിൽകോണിൽ മോഷണം നടന്നത്. കടയുടെ പുറകുവശത്തെ ഭിത്തി കുത്തി പൊളിച്ച് കടയിൽ കയറി കടയുടെ ക്യാഷ് കൗണ്ടർ മേശയുടെ പൂട്ട് തുറന്ന് 95000 രുപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് അങ്കമാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സാധാരണ നിലയിൽ കട അടക്കുമ്പോൾ സിസിടിവി ക്യാമറകൾ ഓഫ് ചെയ്താണ് പോകാറ്, കൂടാതെ മേശയുടെ താക്കോലും സാധാരണ നിലയിൽ കടയിൽ തന്നെ വക്കാറുണ്ട്. ഇതറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്ന് മനസിലാക്കിയ പൊലീസ് ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷണം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം പ്രതി ജോലിക്ക് എത്തിയിരുന്നില്ല. ചോദ്യം ചെയ്യലിലും ഇയാൾ വളരെ കൃത്യമായി മറുപടി നൽകി. മോഷണത്തിന് ശേഷം പ്രതി പിറ്റേ ദിവസം ചേർത്തലയിലെ ജുവല്ലറിയിൽ നിന്നും സ്വർണം വാങ്ങിയിരുന്നു. കൈയിലെ മുറിവിനെക്കുറിച്ചുള്ള ചോദ്യത്തിനും പ്രതിക്ക് വിശ്വസനീയമായ ഉത്തരം നൽകാനായില്ല. ചാമ്പ മരത്തിൽ കയറിയപ്പോൾ പറ്റിയ മുറിവെന്നായിരുന്നു പറഞ്ഞത്.

ആർഭാഡ ജീവിതം നയിക്കാനായിരുന്നു പ്രതി മോഷണം നടത്തിയത്. ആലുവ ഡിവൈഎസ്പി കെ പി. പ്രഫുല്ലചന്ദ്രൻ ,അങ്കമാലി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസ് , പൊലിസ് സബ് ഇൻസ്പെക്ടർമാരായ പി.ജെ. നോബിൾ , ടി.എ. ഡേവീസ് ,സിപിഒ മാരായ ജിസ് മോൻ , റോണി , പ്രവീൺ എ.എസ്., എം.എൻ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.