യുവതിയുടെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തയാളെ പിടികൂടി 

അങ്കമാലി: മൂവാറ്റുപുഴ നെല്ലാട് സ്വദേശിനിയായ യുവതിയുടെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്ത് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളെ പിടികൂടി. ആലുവ സൈബർ സെല്ലിന്‍റെ സഹായത്തോടെ കറുകുറ്റി പാദുവപുരത്ത് പൈനാടത്ത് വീട്ടിൽ ജോർജ്ജ്കുട്ടി (24) യെയാണ് അങ്കമാലി പോലീസ് തന്ത്രപൂർവ്വം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ യുവതിയുടെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്തത്. ഫെയ്സ് ബുക്കിലുള്ള യുവതിയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തെടുത്ത് മോശമായ രീതിയിൽ ചിത്രീകരിച്ച് ഇന്‍റർനെറ്റിലും മറ്റും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി 5000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ഇതു സംബന്ധിച്ച് യുവതി ജില്ലാ പൊലീസ് മേധാവി എ.വി.ജോർജ് ഐപിഎസി ന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിനായി പരാതി അങ്കമാലി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ അതിവിദഗ്ദമായി പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.

സൈബർ സെൽ വിദഗ്ദരായ ബിനോയ്, തെൽഹത്ത്, ബോബി കുര്യാക്കോസ്, ഷിറാസ്, ഡെൽജിത്ത്, രാഹുൽ, റിതേഷ് എന്നിവരും അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസും സംഘവും ചേർന്നാണ് പ്രതിയെ തന്ത്രപൂർവ്വം വലയിലാക്കിയത്.