വിൽപ്പനക്കാരിയുടെ മാല പൊട്ടിച്ചു

 

കാലടി:ബൈക്കിലെത്തിയ യുവാക്കൾ മറ്റൂർ കവലയിൽ  കടയിൽ കയറി വിൽപ്പനക്കാരിയുടെ മാല പൊട്ടിച്ചു. പനയ്ക്കൽ ശൗരുവിന്റെ ഭാര്യ കുട്ടിയുടെ രണ്ടു പവനോളം തൂക്കമുള്ള മാലയാണു നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു 2.45നാണു സംഭവം.

മറ്റൂർ കവലയിൽ വിമാനത്താവള റോഡിലെ ബേക്കറിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി രണ്ടു ചെറുപ്പക്കാർ കടയിൽ വന്ന് ഒരു കിലോ പഴം ചോദിച്ചു. പഴം മുറിച്ച് എടുക്കാൻ പറഞ്ഞു. കുട്ടി അവർക്കു കത്തി കൊടുക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു പെട്ടെന്നു ബൈക്കിൽ കയറി സ്ഥലം വിട്ടു.

പരിഭ്രമിച്ചു പോയ കുട്ടിക്കു പെട്ടെന്നു ശബ്ദിക്കുവാൻ കഴിഞ്ഞില്ല. രണ്ടു പേരിൽ ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. നാട്ടുകാർ കുറെ ദൂരം ഇവർ പോയ വിമാനത്താവള റോഡിൽ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ കാർഷിക വിപണന കേന്ദ്രത്തിനു സമീപമാണ്
ഇവരുടെ കട.ബാങ്ക് സ്ഥാപിച്ച ക്യാമറയിൽ ബൈക്കിൽ യുവാക്കൾ പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.കാലടി പോലീസ് അന്വേഷണം ആരംഭിച്ചു